LiveTV

Live

Kerala

ശിവരഞ്ജിത്തിന് ലോജിക് പരീക്ഷയില്‍ ലഭിച്ചത് പൂജ്യം; യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികളുടെ മാര്‍ക്ക് ലിസ്റ്റ് പുറത്ത്

28-ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍ നസീമും യൂണിവേഴ്സിറ്റി നടത്തിയ പരീക്ഷകളില്‍ ദയനീയമായി തോറ്റെന്നാണ് മാര്‍ക്ക് ലിസ്റ്റ് വ്യക്തമാക്കുന്നത്

ശിവരഞ്ജിത്തിന് ലോജിക് പരീക്ഷയില്‍ ലഭിച്ചത് പൂജ്യം; യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികളുടെ മാര്‍ക്ക് ലിസ്റ്റ് പുറത്ത്

പി.എസ്‌.സിയിലെ ഉന്നത റാങ്കുകാരായ യൂണിവേഴ്‍സിറ്റി വധശ്രമക്കേസ് പ്രതികള്‍ എം.എ പരീക്ഷകളില്‍ സംപൂജ്യര്‍. പ്രതികളുടെ ദയനീയമായ അക്കാദമിക നിലവാരം തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍ മീഡിയവണിന് ലഭിച്ചു. പി.എസ്‌.സി റാങ്ക് പട്ടികയുടെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുന്നതാണ് പുറത്തുവന്ന രേഖകള്‍.

കുത്തുകേസ് ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി എ.എന്‍ നസീമിന്റെയും എം.എ ഫിലോസഫി യൂണിവേഴ്സിറ്റി മാര്‍ക്ക് ലിസ്റ്റുകള്‍. മെയ് 2018ലെ ലോജിക് പരീക്ഷയില്‍ ശിവരഞ്ജിത്തിന് എഴുത്ത് പരീക്ഷയില്‍ പൂജ്യം. ഇന്റേണല്‍ മാര്‍ക്ക് ആറ്. ആകെ നൂറില്‍ ആറ് മാര്‍ക്ക്. ക്ലാസിക്കല്‍ ഇന്ത്യന്‍ ഫിലോസഫിയില്‍ നാല്, വെസ്റ്റേണ്‍ ഫിലോസഫിയില്‍ 6.5. ഈ വര്‍ഷം ജനുവരിയില്‍ എഴുതിയപ്പോഴും മെച്ചമില്ല. ഫലം രണ്ട് സെമസ്റ്ററിലും തോല്‍വി.

നസീം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന മോഡേണ്‍ ഇന്ത്യന്‍ തോട്ട്, ഫിലോസഫി ഓഫ് സയന്‍സ് എഴുത്ത് പരീക്ഷകളില്‍ നേടിയത് പൂജ്യം. ഇന്റേണല്‍ മാര്‍ക്ക് 6 മാര്‍ക്ക് വീതം കിട്ടി. 2017 ആഗസ്റ്റില്‍ നടന്ന ഫിലോസഫി ഓഫ് വേദാന്ത, മോഡേണ്‍ വെസ്റ്റേണ്‍ ഫിലോസഫി പരീക്ഷകളിലും ആകെ കിട്ടിയത് ഇന്റേണലായി ലഭിച്ച് 10 മാര്‍ക്ക് വീതം. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഇങ്ങനെ ദയനീയമായി തോറ്റ ഇരുവരും പി.എസ്‌.സിയുടെ റാങ്ക് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ എങ്ങനെ ഇടം പിടിച്ചെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റില്‍ ഒന്നാം പ്രതി ശിവരഞ്ജിത്ത് ഒന്നാം റാങ്കുകാരനും രണ്ടാം പ്രതി നസീം 28ാം റാങ്കുകാരനും. കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

സര്‍വകലാശാലയും പി.എസ്.സിയും ചോദ്യം ചെയ്യാനാകാത്ത പ്രതീകങ്ങളാണെന്നും അവയുടെ വിശ്വാസ്യതയെ സംശയത്തിലാക്കുന്നത് പാപമാണെന്നും മുഖ്യമന്ത്രി പറയുന്നു. പക്ഷെ, ആ വിശ്വാസ്യത നിലനിര്‍ത്താന്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പ്രതികളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ സ്വയം വിളിച്ചുപറയുന്നു.