LiveTV

Live

Kerala

കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

കാനത്തിന്റെ പ്രസ്താവനയെ തള്ളി സി.എന്‍ ജയദേവന്‍ രംഗത്തെത്തി. കാനം രാജിവക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍...

കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

എം.എല്‍.എയെ മര്‍ദിച്ച പൊലീസ് നടപടിയെ ന്യായീകരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കാനം രാജിവക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. കാനത്തിന്റെ പ്രസ്താവനയെ തള്ളി സി.എന്‍ ജയദേവന്‍ രംഗത്തെത്തി. ഇതിനിടെ എറണാകുളത്തെത്തിയ കാനം ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.

തിരുത്തല്‍ വാദികള്‍ സി.പി.ഐ അമ്പലപ്പുഴ എന്ന പേരിലാണ് സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. കാനം രാജിവയ്ക്കണം എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ും എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും അഭിവാദ്യവും അര്‍പിക്കുന്നുണ്ട്.

പ്രതിഷേധം അറിയിക്കേണ്ടത് പോസ്റ്റര്‍ പതിച്ചല്ല എന്നായിരുന്നു ഇതിനോട് കാനത്തിന്റെ പ്രതികരണം. ഇതിനിടെ പൊലീസ് നടപടിയെ ന്യായീകരിച്ച കാനത്തിനെതിരെ മുന്‍ എം.പി സി.എന്‍ ജയദേവന്‍ രംഗത്തെത്തി. അധികാരത്തിലിരിക്കുമ്പോള്‍ തല്ലുകൊള്ളേണ്ട ഗതികേട് സി.പി.ഐക്ക് ഇല്ലെന്ന് ജയേവന്‍ പറഞ്ഞു.

കാര്യങ്ങള്‍ കാനത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയെ ന്യായീകരിക്കാന്‍ മന്ത്രി സുനില്‍ കുമാറും തയാറായില്ല. ഇതിന് പിന്നാലെയാണ് എറണാകുളത്തെത്തിയ കാനം രാജേന്ദ്രന്‍ മേഖലാ റിപ്പോര്‍ട്ടിങ്ങിന് ശേഷം ജില്ലാ എക്‌സിക്യൂട്ടിവില്‍ പങ്കെടുക്കാതെ മടങ്ങിയത്. നേരത്തെ തീരുമാനിച്ചിട്ടില്ല എന്നാണ് ഇതിന് കാനം നല്‍കുന്ന വിശദീകരണം.