LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി

കേസില്‍ പ്രതിയായ എസ്.ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം

 നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഉന്നത പൊലീസ്
ഉദ്യോഗസ്ഥരുടെ പങ്കിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോടതി. ഒന്നും നാലും പ്രതികളുടെ ജാമ്യപേക്ഷ തള്ളിയ ഉത്തരവിലാണ് തൊടുപുഴ ജില്ലാ സെഷൻസ് കോടതിയുടെ പരാമർശം. പ്രതികള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.

നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാര്‍ എന്നയാള്‍ മരണപ്പെട്ട സംഭവത്തില്‍ ഇടുക്കി മുൻ എസ്.പിയും ഡി.വൈ.എസ്പി.യും പറഞ്ഞിട്ടാണ് താൻ എല്ലാം ചെയ്തതെന്നാണ് ഒന്നാം പ്രതിയായ എസ്.ഐ സാബു ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും കട്ടപ്പന ഡി.വൈ.എസ്.പിക്കും കസ്റ്റഡിയിലെടുത്ത കാര്യം അറിയാമായിരുന്നെന്നും എസ്.ഐ സാബു കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എസ്.ഐയുടെ ആരോപണം അന്വേഷിക്കേണ്ടതുണ്ടന്ന് കോടതി വ്യക്തമാക്കി.

ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും തൊടുപുഴ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇവർക്കെതിരായ എല്ലാ ശാസ്ത്രീയ സാഹചര്യത്തെളിവുകളും ശേഖരിക്കണംമെന്നും കോടതി നിര്‍ദേശിച്ചു . എന്നാല്‍ അന്വോഷണം നടക്കുന്ന ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തം കേസിൽ സംശയിക്കപ്പെടുന്ന സാഹചര്യമുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതികള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.