LiveTV

Live

Kerala

സവര്‍ണ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ദരിദ്രരെന്ന് കോടിയേരി

ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയിലേക്ക് പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ വീതം ലഭ്യമാക്കണം.

സവര്‍ണ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ദരിദ്രരെന്ന് കോടിയേരി

സവര്‍ണ ഹിന്ദുക്കളില്‍ ബ്രാഹ്മണര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ദരിദ്രരെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അഗ്രഹാരങ്ങള്‍ പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. ശബരിമല വിഷയവും രണ്ടു സ്ത്രീകളുടെ ശബരിമല പ്രവേശനവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

സംസ്ഥാന സമിതി തീരുമാനപ്രകാരം നടക്കുന്ന ഗൃഹസന്ദര്‍ശനത്തിലെ അനുഭവങ്ങളാണ് ലേഖനത്തില്‍ കോടിയേരി വിശദീകരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തെരുവിലെത്തിയപ്പോള്‍ പലവിധ പരാതികള്‍ കേട്ടു. അതിലൊന്ന് 'സവര്‍ണഹിന്ദു'ക്കളെന്ന് വിശേഷിപ്പിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയിലേക്ക് പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ട്. പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ വീതം ലഭ്യമാക്കണം. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് തുടര്‍ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് മതിപ്പുണ്ടെങ്കിലും വിവാദങ്ങള്‍ നേട്ടങ്ങളെ മുക്കിക്കളയുന്നു. അത് തിരുത്തപ്പെടണം. പല കാരണങ്ങളാല്‍ പൊലീസ് പ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട ജാഗ്രതകളെപ്പറ്റിയും അഭിപ്രായങ്ങളുയര്‍ന്നെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമല കാരണമാണ് വോട്ട് മാറി ചെയ്തതെന്ന് ചില വീട്ടമ്മമാര്‍ തുറന്നുപറഞ്ഞു. വനിതാമതിലിനു ശേഷം രണ്ടു യുവതികള്‍ മല കയറിയതും വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് ലേഖനത്തില്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായും കോടിയേരി ചര്‍ച്ച നടത്തി. സഭയും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതായി സഭാധ്യക്ഷന്മാര്‍ ചൂണ്ടിക്കാട്ടിയെന്നും കോടിയേരി പറയുന്നു. ജനങ്ങളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഓഗസ്റ്റില്‍ ചേരുന്ന സംസ്ഥാന സമിതി പരിശോധിക്കുകയും തെറ്റു തിരുത്തുകയും ചെയ്യുമെന്നും കോടിയേരി പറഞ്ഞു.