LiveTV

Live

Kerala

ജോസ് കെ. മാണിയുടെ തട്ടകത്തില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി ജോസഫ് വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ശക്തി തെളിയിച്ച് ജോസ് കെ.മാണി വിഭാഗത്തിന് തിരിച്ചടി നല്കാനാണ് ഇവരുടെ ശ്രമം

ജോസ് കെ. മാണിയുടെ തട്ടകത്തില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി ജോസഫ് വിഭാഗം

കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ ജോസ് കെ. മാണിയുടെ തട്ടകത്തില്‍ കരുത്ത് തെളിയിക്കാനൊരുങ്ങി ജോസഫ് വിഭാഗം. ഇന്ന് പി.ജെ ജോസഫിന്റെ അധ്യക്ഷതയില്‍ ജോസഫ് വിഭാഗം നേതൃയോഗം ചേരും. പാലാ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ശക്തി തെളിയിച്ച് ജോസ് കെ.മാണി വിഭാഗത്തിന് തിരിച്ചടി നല്കാനാണ് ഇവരുടെ ശ്രമം.

യു.ഡി.എഫ് അനീതി കാട്ടിയെന്ന് പറയുമ്പോഴും കോട്ടയം ജില്ല പഞ്ചായത്തില്‍ നിര്‍ണ്ണായക നീക്കം നടത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജോസഫ് വിഭാഗം. ജോസ് കെ. മാണി വിഭാഗത്തിന്റെ തട്ടകമായി അറിയപ്പെടുന്ന കോട്ടയത്ത് ഇത്തരം ഒരു നീക്കം നടത്തുന്നത് പാല ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണ്. ഇതിന്റെ ഭാഗമായി മാണി പക്ഷത്തുണ്ടായിരുന്ന ജോസ് കെ.മാണി വിരുദ്ധരെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണ് ജോസഫ് വിഭാഗം. ഇന്ന് കോട്ടയത്ത് ചേരുന്ന നേതൃയോഗത്തില്‍ പി.ജെ ജോസഫ് അടക്കമുളള നേതാക്കള്‍ പങ്കെടുക്കും. അടുത്ത ദിവസം തന്നെ ശക്തിപ്രകടനം അടക്കമുള്ള പരിപാടികളിലേക്കും ജോസഫ് വിഭാഗം കടക്കും. അതൃപ്തരെ ഒപ്പം കൂട്ടുന്നതോടെ ഔദ്യോഗിക പക്ഷമാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമം. ലോക്സഭ സീറ്റിലും രാജ്യസഭ സീറ്റിലും ജോസഫിനെ അവഗണിച്ചതും ഉയര്‍ത്തിക്കാട്ടി പാലാ സീറ്റില്‍ സമ്മര്‍ദ്ദം

ചെലുത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. എന്നാല്‍ ഇതിനെ ശക്തമായി ചെറുക്കാനാണ് ജോസ് കെ.മാണി വിഭാഗത്തിന്റെ നീക്കം. ആയതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകും.