LiveTV

Live

Kerala

കാനം രാജേന്ദ്രനെതിരെ സി.പി.ഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം

കാനത്തിന്റെ പ്രസ്താവനകള്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണെന്ന വിമര്‍ശമാണ് എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന് വന്നത്.

കാനം രാജേന്ദ്രനെതിരെ സി.പി.ഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം

സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെ സി.പി.ഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞുവെന്നും നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. മേഖലാ റിപ്പോര്‍ട്ടിംഗിനെത്തിയ കാനം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തില്ല. ഐ.ജി ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ജില്ലാകളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും.

ജില്ലാ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കാതെ കാനം രാജേന്ദ്രന്‍ മടങ്ങിയെങ്കിലും കാനത്തിന്റെ പ്രസ്താവനകള്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണെന്ന വിമര്‍ശമാണ് എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന് വന്നത്. സമീപകാലത്ത് പാര്‍ട്ടി നടത്തിയ ഉജ്ജ്വലമായ സമരത്തെ തള്ളിപറയുന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.

സമരത്തിനെ ആളെക്കൂട്ടിയ പ്രാദേശിക നേതൃത്വം ഇതോടെ പ്രതിരോധത്തിലായെന്നും ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടില്ലെന്നും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് കാരണം മൂവാറ്റുപുഴ എം.എല്‍.എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി.

ആലുവയിലെത്തിയിട്ടും പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ കാനം സന്ദര്‍ശിക്കാത്തതിനെയും നേതാക്കള്‍ യോഗത്തില്‍ ചോദ്യം ചെയ്തു. എന്നാല്‍ കാനത്തിനെതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നായിരുന്നു യോഗത്തിന് ശേഷം ജില്ലാസെക്രട്ടറിയുടെ പ്രതികരണം.

മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടര്‍ നടത്തിയ സിറ്റിങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയും പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ഗുരുതരമായി പരിക്കേറ്റ ജില്ലാ പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടന്‍ സ്ട്രക്ചറിലാണ് സിറ്റിങിനെത്തിയത്. ഉചിതമായ നടപടികള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി തെളിവെടുപ്പിന് ശേഷം എല്‍ദോ എബ്രഹാം പറഞ്ഞു.

കാനത്തിന്റെ പ്രതികരണത്തില്‍ അസ്വഭാവികത ഇല്ലെന്നും പ്രതികരണം തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി കൂടി രേഖപ്പെടുത്തി തിങ്കളാഴ്ച കളക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.