LiveTV

Live

Kerala

സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയമിക്കരുതെന്ന് ഹൈക്കോടതി

കുട്ടികളെ ചൂഷണം ചെയ്യുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അപായ സാധ്യതകൾ ഇല്ലാതാക്കണമെന്ന് കോടതി വ്യക്തമാക്കി.

 സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയമിക്കരുതെന്ന് ഹൈക്കോടതി

ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ നിയോഗിക്കരുതെന്ന് ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യുന്നതും പീഡിപ്പിക്കുന്നതുമായ സംഭവങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അപായ സാധ്യതകൾ ഇല്ലാതാക്കണമെന്നും കോടതി വ്യക്തമാക്കി.

ഗോത്ര സാരഥി പദ്ധതി പ്രകാരം മാനന്തവാടി നീർവാരം ഹയർ സെക്കൻഡറി സ്കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാൻ ഹെഡ് മാസ്റ്റർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഇതിന് കരാർ ലഭിച്ച നീർവാരം സ്വദേശിനി ദീപയും ഭർത്താവ് പ്രവീണും നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

പ്രവീണിന് ലൈസൻസുണ്ടെങ്കിലും കേസുകളിലെ പ്രതിയാണെന്ന പേരിൽ ലഭിച്ച ചില അജ്ഞാത പരാതികളുടെ അടിസ്ഥാനത്തിൽ വാഹനമോടിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഹരജിയിലെ വാദം. ഗോത്ര സാരഥി പദ്ധതിക്ക് കീഴിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഹെഡ്മാസ്റ്റർക്കും പി.ടി.എക്കും അധികാരമില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രവീൺ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമുണ്ടെന്നും ഹെഡ്മാസ്റ്റർ വിശദീകരിച്ചു.

പീഡനക്കേസിൽ പ്രതിയായി കോടതി വെറുതെ വിട്ടയാളാണ്. മറ്റൊരു കേസിൽ മാനന്തവാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്നും ഹെഡ്മാസ്റ്റർ വ്യക്തമാക്കി. പ്രവീൺ വാഹനമോടിക്കുന്നത് സുരക്ഷിതമല്ലെന്നായിരുന്നു സർക്കാറിന്‍റെ വാദം. തുടർന്നാണ് ക്രിമിനൽ കേസിലെ പ്രതികളെ സ്കൂള്‍ വാഹനം ഓടിക്കാൻ നിയോഗിക്കരുതെന്ന് കോടതി നിർദേശിച്ചത്.