LiveTV

Live

Kerala

ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റെടുത്ത സംഭവം: പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി

എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളിലെത്തിയ ഹയര്‍ സെക്കന്‍ററി റീജ്യനല്‍ ഡപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.

ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റെടുത്ത സംഭവം: പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി

കോഴിക്കോട് താമരശ്ശേരി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റെടുത്ത സംഭവത്തില്‍ പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി. എസ്.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളിലെത്തിയ ഹയര്‍ സെക്കന്‍ററി റീജ്യനല്‍ ഡപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.

താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യാഴാഴ്ച നടന്ന അക്കൗണ്ടന്‍സി പരീക്ഷക്കാണ് ചോദ്യപേപ്പര്‍ ഫോട്ടോസ്റ്റാറ്റെടുത്ത് നല്‍കിയത്. ഓപ്പണ്‍ വിഭാഗത്തിലെ 37 കുട്ടികള്‍ പരീക്ഷക്കുണ്ടായിരുന്നു. നേരത്തെ ലഭിച്ച ചോദ്യ പേപ്പറുകളുടെ കൂട്ടത്തില്‍ അക്കൗണ്ടന്‍സി പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ ഇല്ലായിരുന്നു. സമീപത്തെ മറ്റു കേന്ദ്രങ്ങളില്‍ അധികമുള്ള ചോദ്യ പേപ്പര്‍ എത്തിക്കുകയായിരുന്നു. 30 ചോദ്യ പേപ്പറാണ് ഇങ്ങനെ ലഭിച്ചത്.

ബാക്കിയുള്ള ഏഴെണ്ണമാണ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്കിയത്. ഓപ്പണ്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ വിവരങ്ങള്‍ കൃത്യസമയത്ത് പരീക്ഷാ വിഭാഗത്തിലേക്ക് നല്‍കുകയോ ചോദ്യപേപ്പര്‍ നേരത്തെ പരിശോധിച്ച് ഉറപ്പു വരുത്തുകയോ പ്രിന്‍സിപ്പല്‍ ചെയ്തില്ലെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഗോകുല്‍ കൃഷ്ണ സ്‌കൂളിലെത്തുകയും പ്രിന്‍സിപ്പലിന് തെറ്റുപറ്റിയതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കെ പ്രീതയെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി.