LiveTV

Live

Kerala

ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു

പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു. 88 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. മൊഴികളെ ആറ്റിക്കുറുക്കി കവിതകള്‍ക്ക് കാലംചെല്ലുന്തോറും വീര്യമേറ്റുന്ന സാഹിത്യലോകത്തെ വ്യത്യസ്തനായിരുന്നു ആറ്റൂര്‍.

മലയാള സാഹിത്യത്തിന് ആറ്റിക്കുറുക്കിയ കവിതകള്‍ സമ്മാനിച്ച ആറ്റൂര്‍ രവിവര്‍മ്മ അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാവ്യസപര്യയില്‍ എഴുതിയത് 140 ഓളം കവിതകള്‍ മാത്രമാണ്. എന്നാല്‍, അവയെല്ലാം എല്ലാക്കാലത്തും തലയെടുപ്പോടെ നില്‍ക്കുന്നവ തന്നെയായിരുന്നു. കുറഞ്ഞ വാക്കുകളില്‍ ഒരു വിഷയത്തിന്റെ മിഴിവാര്‍ന്ന ചിത്രം ഗഹനമായി പറഞ്ഞുവെക്കുന്നതാണ് ആറ്റൂര്‍ കവിതകളുടെ ഉള്‍ക്കരുത്ത്. തന്റെ കവിതകളെ ജനകീയമാക്കാന്‍ ഒരിക്കലും അദ്ദേഹം യാതൊന്നും ചെയ്തിരുന്നില്ല. കാരണം അങ്ങനെ ജനപ്രിയനാകേണ്ടതില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.

യാഥാസ്ഥിതിക സാഹിത്യലോകത്ത് നിന്ന് വഴിമാറി സ‍ഞ്ചരിച്ചിട്ടുള്ള ആറ്റൂരിനെ തേടി എഴുത്തച്ഛൻ പുരസ്കാരം, പ്രേംജി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഉള്ളൂർ അവാർഡ്, ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം, പി.കുഞ്ഞിരാമൻ നായർ പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ തേടിയെത്തിയിട്ടുണ്ട്.

നഗരത്തില്‍ ഒരു യക്ഷന്‍, ഭ്രാന്ത്, ക്യാന്‍സര്‍, ഉദാത്തം പേടി, മേഘരൂപന്‍ തുടങ്ങി നിരവധി കവിതകള്‍. സുന്ദരരാമസ്വാമിയുടെ ജെ.ജെ ചിലകുറിപ്പുകള്‍, പുളിമരത്തിന്റെ കഥ തുടങ്ങിയ തമിഴ് നോവലുകള്‍ വിവര്‍ത്തനത്തിലൂടെ മലയാളിക്ക് ആസ്വാദ്യകരമായ അനുഭൂതിയാക്കിയ ആറ്റൂര്‍ എന്നും സാഹിത്യ ലോകത്ത് തന്റേതായ വഴികളിലൂടെയാണ് സഞ്ചരിച്ചത്.

തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി മദ്രാസ് പ്രസിഡന്‍സി കോളജില്‍ അധ്യാപനം ജീവിതം തുടങ്ങി. പിന്നീട് കേരളത്തിലെത്തിയ അദ്ദേഹം വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിന്‍റിക്കേറ്റ് മെമ്പർ ആയിരുന്നു.

ഒഎന്‍വി കുറുപ്പ്, പി കുഞ്ഞിരാമന്‍ നായര്‍, ജോസഫ് മുണ്ടശേരി, ജി ശങ്കരക്കുറുപ്പ് തുടങ്ങിയവരുമായുണ്ടായിരുന്ന സൗഹൃദമാണ് കവിത തന്നെയാണ് ജീവിതം എന്ന തിരിച്ചറിവിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.

പാരമ്പര്യവും ആധുനികതയും വാക്കുകളില്‍ സമന്വയിപ്പിച്ച എഴുത്തുകാരനാണ് വിടവാങ്ങിയത്. കേരളത്തിലെ വിവിധ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച ആറ്റൂര്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.