LiveTV

Live

Kerala

സാമ്പത്തിക ക്രമക്കേട്‌: അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് കേസ്

സാമ്പത്തിക ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം വിജിലന്‍സ് കേസ് എടുത്തത്.

സാമ്പത്തിക ക്രമക്കേട്‌: അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് കേസ്

എറണാകുളം മൂവാറ്റുപുഴയിലെ മുളവൂര്‍ അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും ബോര്‍ഡ്‌ അംഗങ്ങള്‍ക്കും എതിരെ വിജിലന്‍സ് കേസെടുത്തു. സാമ്പത്തിക ക്രമക്കേട്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം വിജിലന്‍സ് കേസ് എടുത്തത്.

2002 മുതല്‍ മുളവൂരില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ്‌ സംഘം. നെല്ലിക്കുഴിയില്‍ ഒരു ബ്രാഞ്ചും മെഡിക്കല്‍ സ്റ്റോറുമുണ്ട്‌. സംഘത്തിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ ജില്ലാ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്‌ വിജിലന്‍സ്‌ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ സംഘം നടത്തുന്ന 50 മാസ തവണകളിലും ഒരു ലക്ഷം രൂപയിലുമുള്ള പ്രതിമാസ നിക്ഷേപ പദ്ധതിയിലും ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. സഹകരണ വകുപ്പ്‌ അംഗീകരിച്ച നിബന്ധനകള്‍ക്ക് വിരുദ്ധമായാണ് പണം ചെലവഴിച്ചിട്ടുളളതെന്ന് കണ്ടെത്തി.

ഒരു മെമ്പര്‍ക്ക്‌ 4 ലക്ഷം രൂപ ലോണ്‍ അനുവദിക്കേണ്ട സ്ഥാനത്ത്‌ 7 ലക്ഷം രൂപ നല്‍കിയും ക്രമക്കേട്‌ നടത്തി. പ്രതിമാസ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ലാത്തവര്‍ക്കും ലോണ്‍ നല്‍കി തുടങ്ങി. 2 കോടിയോളം രൂപയുടെ ക്രമക്കേടാണ്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടുള്ളത്‌. അഴിമതി നിരോധന നിയമപ്രകാരം ഏഴ് വര്‍ഷം ശിക്ഷിക്കാവുന്ന വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമം ജീവപര്യന്തം വരെ ശിക്ഷ വിധിക്കാവുന്ന വകുപ്പും ഉള്‍പ്പെടുത്തിയാണ്‌ വിജിലന്‍സ്‌ കോടതിയില്‍ എഫ്‌.ഐ.ആര്‍. സമര്‍പ്പിച്ചത്‌.