LiveTV

Live

Kerala

ശരീരം തളര്‍ന്ന്, പുറം ലോകം കാണാതെ ആദിവാസി വയോധികന്‍

പ്രാക്തന ആദിവാസി വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് വീട്ടിലേക്ക് വഴിയോ, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശുചിമുറിയോ ഇല്ല.

ശരീരം തളര്‍ന്ന്, പുറം ലോകം കാണാതെ ആദിവാസി വയോധികന്‍

വയനാട് തിരുനെല്ലിയില്‍ ശരീരം തളര്‍ന്ന ആദിവാസി വയോധികന്‍ ചികിത്സ ലഭിക്കാതെ ദുരിതത്തില്‍. അരണ പാറ വാഗേരി കാട്ടുനായ്ക്ക വിഭാഗത്തിലെ വെള്ളു എന്ന 64കാരന്‍ വെറും തറയിലാണ് ശരീരം തളര്‍ന്ന് കിടക്കുന്നത്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡില്‍ പെട്ട അരണപ്പാറ കോളനിയിലെ വെള്ളു രണ്ട് വർഷം മുൻപാണ് ഒരു ഭാഗം തളർന്ന് കിടപ്പിലായത്. ഇതോടെ ഇരുട്ട് മുറിയിൽ പുറം ലോകം കാണാതെ കഴിയേണ്ടി വന്നു ഈ കാട്ടുനായ്ക്ക വയോധികന്. ഈ മഴക്കാലത്തും വെറും മൺതിട്ടയിൽ തണുത്ത് വിറച്ച് കിടക്കുന്ന വെള്ളുവിന് ഇതുവരെ മതിയായ ചികിൽസ ലഭിച്ചിട്ടില്ല.

വേണ്ടത്ര ഭക്ഷണം പോലും ലഭിക്കാതെ വന്നതോടെ ശരീരം ശോഷിച്ചു തുടങ്ങി. ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ മകൻ രാമകൃഷ്ണന്‍റെ വലത് കാല്‍ തളർന്ന് കിടപ്പിലാവുകയും ചെയ്തു. ഇതോടെ കുടുംബം പൂര്‍ണ്ണമായും ദുരിതത്തിലായി. രാമകൃഷ്ണന്‍റെ ഭാര്യ ഷീബയാണ് ഇരുവരെയും ശുശ്രൂഷിക്കുന്നത്.

പ്രാക്തന ആദിവാസി വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് വീട്ടിലേക്ക് വഴിയോ, പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശുചിമുറിയോ ഇല്ല. ചെറിയ രീതിയില്‍ ആടുകളെ വളര്‍ത്തിയാണ് കുടുംബം നിത്യവൃത്തിക്ക് വക കണ്ടെത്തുന്നത്.

ആടുകള്‍ക്ക് കൂടുകെട്ടാന്‍‍ പോലും ട്രൈബല്‍ വകുപ്പില്‍ നിന്ന് സഹായം ലഭിക്കാതായതോടെ അപ്പപാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോട ‍ യാണിവർ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.