LiveTV

Live

Kerala

കാസര്‍കോട് സഹോദരങ്ങള്‍ മരിച്ചതിന്‍റെ കാരണം വ്യക്തമാകാന്‍ പരിശോധനാ ഫലം ലഭിക്കണമെന്ന് അധികൃതര്‍

മണിപാല്‍‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിച്ചേക്കും.

കാസര്‍കോട്  സഹോദരങ്ങള്‍ മരിച്ചതിന്‍റെ കാരണം വ്യക്തമാകാന്‍ പരിശോധനാ ഫലം ലഭിക്കണമെന്ന് അധികൃതര്‍

കാസര്‍കോട് ബദിയടുക്കയില്‍ പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ചതിന്‍റെ കാരണം വ്യക്തമാകാന്‍ പരിശോധന ഫലങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന് അധികൃതര്‍. മണിപാല്‍‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിച്ചേക്കും. പനി ബാധിച്ച് ചികിത്സയിലുള്ള കുട്ടികളുടെ മാതാവിന്‍റെ പനി കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു‍.

കാസർകോട് ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദിഖിന്റെ മക്കളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മംഗലാപുരം ഫാദർ മുള്ളർസ് ആശുപത്രിയിൽ വച്ച് പനിയെ തുടര്‍ന്ന് മരിച്ചത്. ആറ് മാസം പ്രായമുള്ള പെൺകുട്ടി സിദ്റത്തുൽ മുൻതഹാ ചൊവ്വാഴ്ചയും മൊയ്‌ദീൻ സിനാസ് എന്ന നാലര വയസുകാരൻ ഇന്നലെയുമാണ് മരിച്ചത്.

മരണ കാരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാവാത്തതിനാൽ വിശദമായ പഠനം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറോട് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആശങ്ക വേണ്ട എന്നാണ് ജില്ലാ കലക്ടറും ജില്ലാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും അറിയിക്കുന്നത്. ന്യൂമോണിയ ബാധിച്ചിരുന്ന രണ്ട് കുട്ടികള്‍ക്കും എച്ച്1 എൻ1 രോഗം ഇല്ലെന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സ്ഥിരീകരിച്ചിരുന്നു. ന്യൂമോണിയ പെട്ടെന്നുള്ള മരണത്തിന് കാരണമാകില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധനകള്‍.

പനി ബാധിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കളും നിരീക്ഷണത്തിലാണ്. രക്ഷിതാക്കളുടെയടക്കം രക്തസാമ്പിളുകളാണ് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിച്ചേക്കും. അതേസമയം പനി ബാധിച്ച് ചികിത്സയിലുള്ള കുട്ടികളുടെ മാതാവിന്‍റെ പനി കുറവുണ്ടെന്നും കേരളത്തിലെ ആശുപത്രിയിലേക്ക് മാറാനുള്ള താത്പര്യം ബന്ധുക്കള്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ഇവരെ മാറ്റാന്‍ ആലോചിക്കുന്നതായും അധികൃതര്‍ പറഞ്ഞു.