LiveTV

Live

Kerala

ഇല്ലാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചരണം നടത്തുന്നുവെന്ന് സി.പി.എം വൈപ്പിന്‍ ഏരിയ സെക്രട്ടറി 

സി.പി.എമ്മിലെ അസംതൃപ്തരെ സി.പി.ഐ സ്വീകരിച്ചതിനെ ചൊല്ലി മൂന്ന് കൊല്ലം മുന്‍പ് ഉടലെടുത്ത തമ്മിലടി രൂക്ഷമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്

ഇല്ലാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചരണം നടത്തുന്നുവെന്ന് സി.പി.എം വൈപ്പിന്‍ ഏരിയ സെക്രട്ടറി 

എറണാകുളം ജില്ലയിലെ സി.പി.എം-സി.പി.ഐ തര്‍ക്കത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.എം രംഗത്ത്. ഉണ്ടാകാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചരണം നടത്തുന്നുവെന്നാരോപിച്ച് സി.പി.എം വൈപ്പിന്‍ ഏരിയ സെക്രട്ടറി രംഗത്തെത്തി. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് കൊണ്ട് ആഭ്യന്തര വകുപ്പിനെതിരെ തെരുവില്‍ യുദ്ധം ചെയ്യുന്നത് ആരെ സഹായിക്കാനാണെന്ന് സി.പി.ഐ നേതൃത്വം പരിശോധിക്കണമെന്നും സി.പി.എം ഏരിയ സെക്രട്ടറി സി.കെ മോഹനന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സി.പി.എമ്മിലെ അസംതൃപ്തരെ സി.പി.ഐ സ്വീകരിച്ചതിനെ ചൊല്ലി മൂന്ന് കൊല്ലം മുന്‍പ് ഉടലെടുത്ത തമ്മിലടി രൂക്ഷമാകുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. വൈപ്പിന്‍ കോളജില്‍ നടന്ന എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഒടുവില്‍ പോര് രൂക്ഷമായത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കണ്ട് മടങ്ങും വഴി സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐ ജില്ലാസെക്രട്ടറിയെ തടഞ്ഞുവെന്നാണ് സി.പി.ഐ ആരോപണം. സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് പക്ഷപാതപരമായി പെരുമാറിയ വൈപ്പിന്‍ സി.ഐയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

സി.പി.ഐ ജില്ലാസെക്രട്ടറിയെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ലാ എന്നും ഉണ്ടാകാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചാരണം നടത്തുകയാണെന്നുമാണ് സി.പി.എം ആരോപണം. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സി.പി.എം ഏരിയ സെക്രട്ടറി സി.കെ മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു. ഗവണ്‍മെന്റിന്റെയും എല്‍.ഡി.എഫിന്റെയും ഭാഗമായി നിന്നുകൊണ്ട് ആഭ്യന്തര വകുപ്പിനെതിരെ പരസ്യമായി തെരുവില്‍ യുദ്ധം ചെയ്യുന്നതിനെതിരെയും സി.പി.എം രംഗത്തെത്തി. രമേശ് ചെന്നിത്തലയടക്കം പിന്തുണച്ച സമരം ആരെ സഹായിക്കാനാണെന്ന് സി.പി.ഐ നേതൃത്വം പരിശോധിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. പൊലീസ് പോകുന്നത് നല്ല നിലക്കല്ലെന്ന വിമര്‍ശനവുമായി മാര്‍ച്ചിനിടെ പരിക്കേറ്റ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാം ഇന്നലെയും രംഗത്തെത്തിയിരുന്നു.