LiveTV

Live

Kerala

പൊലീസ് ലാത്തിചാര്‍ജില്‍ അതൃപ്തി; സി.പി.ഐ-സി.പി.എം പോര് മുറുകുന്നു

ജില്ലയിലെ സി.പി.ഐ-സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ നേരത്തെ നിലനിന്ന അഭിപ്രായ ഭിന്നതകളാണ് പൊലീസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് പുതിയ തലത്തിലേക്ക് മാറുന്നത്

പൊലീസ് ലാത്തിചാര്‍ജില്‍ അതൃപ്തി; സി.പി.ഐ-സി.പി.എം പോര് മുറുകുന്നു

എറണാകുളത്ത് സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയെ ചൊല്ലി സി.പി.ഐ-സി.പി.എം പോര് മുറുകുന്നു. ജില്ലയിലെ സി.പി.ഐ-സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ നേരത്തെ നിലനിന്ന അഭിപ്രായ ഭിന്നതകളാണ് പൊലീസ് ലാത്തിചാര്‍ജിനെ തുടര്‍ന്ന് പുതിയ തലത്തിലേക്ക് മാറുന്നത്. ജില്ലയിലെ ഉന്നത പൊലീസ് ഉദയോഗസ്ഥര്‍ സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ സി.പി.ഐ ആരോപിച്ചിരുന്നു.

വൈപ്പിന്‍ ഗവൺമെന്റ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ സന്ദർശിച്ച് മടങ്ങിയ സി.പി. ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സി.പി.എം പ്രവര്‍ത്തകരോട് ഒപ്പം ചേര്‍ന്ന് പക്ഷപാതപരമായിമായി പെരുമാറുന്ന ഞാറക്കല്‍ സി.ഐയെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലെ ഐ.ജി ഓഫീസിലേക്ക് സി.പി.ഐ മാർച്ച് നടത്തിയത്. ഉദ്ഘാടന പ്രസംഗത്തിന് ശേഷം ബാരിക്കേട് തകര്‍ത്ത സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരേ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതായതോടെ ലാത്തിചാര്‍ജ് നടത്തി. എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ പൊലീസ് തല്ലി ചതച്ചു. പൊലീസിന്റെ നടപടി ശരിയായ കീഴ്‌വഴക്കമല്ലെന്നും സര്‍ക്കാര്‍ നയത്തെ അട്ടിമറിക്കുന്ന രീതിയാണ് എറണാകുളത്തെ പൊലീസിന്റേത്.

പൊലീസ് നടപടിയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസ് നടപടിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്കെതിരെ എറണാകുളം ജില്ലയിലെ ക്യാമ്പസുകളില്‍ ഇന്ന് എ.ഐ.എസ്.എഫ് പ്രതിഷേധദിനമായി ആചരിക്കും.