LiveTV

Live

Kerala

സഞ്ജീവ് ഭട്ടിന് നീതിക്കായുള്ള പോരാട്ടത്തില്‍ പിന്തുണ തേടി ശ്വേത ഭട്ട് കേരളത്തില്‍

കേരളത്തിന്റെ പിന്തുണയാണ് തന്റെ പോരാട്ടത്തിന് കരുത്തെന്ന് അവര്‍ പറഞ്ഞു

സഞ്ജീവ് ഭട്ടിന് നീതിക്കായുള്ള പോരാട്ടത്തില്‍ പിന്തുണ തേടി ശ്വേത ഭട്ട് കേരളത്തില്‍

ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള പോരാട്ടത്തില്‍ പിന്തുണ തേടി ഭാര്യ ശ്വേത ഭട്ട് കേരളത്തില്‍. മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ പ്രതിപക്ഷ നേതാവ്, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവരുമായും ശ്വേത കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പിന്തുണയാണ് തന്റെ പോരാട്ടത്തിന് കരുത്തെന്ന് അവര്‍ പറഞ്ഞു.

രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ശ്വേതഭട്ട് കൂടിക്കാഴ്ച നടത്തി. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പിണറായി വിജയനെയും എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടു. എല്ലാവരും നിറഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. രാഷ്ട്രീയമായും നിയമപരമായുമെല്ലാം സഞ്ജീവ് ഭട്ടിനെ ദ്രോഹിക്കുകയാണ് ഭരണകൂടമെന്ന് ശ്വേത ഭട്ട്. അന്യായത്തിനെതിരെ തുറന്നപോരാട്ടത്തിന് പ്രേരണയായത് കേരള ജനതയുടെ പിന്തുണയാണ്.

ശ്വേതക്ക് ഐക്യദാര്‍ഢ്യവുമായി സമാനമനസ്‌കരെ ഉള്‍പ്പെടുത്തി കാമ്പയിന്‍ ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. കാമ്പയിന്റെ ഭാഗമായി പ്രത്യേക ബാഡ്ജ് പുറത്തിറക്കി. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെ പങ്ക് വിളിച്ചുപറഞ്ഞതിനുള്ള പ്രതികാര നടപടിയായാണ് 28 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണക്കേസില്‍ സഞ്ജീവ് ശിക്ഷയനുഭവിക്കുന്നത്.