LiveTV

Live

Kerala

കാസര്‍കോട് വിദ്യാര്‍ഥിയെ കാണാതായ സംഭവം; രണ്ട് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍‌ സന്ദേശം

സാമ്പത്തിക പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു

 കാസര്‍കോട് വിദ്യാര്‍ഥിയെ കാണാതായ സംഭവം; രണ്ട് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍‌ സന്ദേശം

കാസർകോട് മഞ്ചേശ്വരത്ത് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ മൂന്ന് ദിവസമായിട്ടും കണ്ടെത്താനായില്ല. കൊള്ളിയൂരിലെ അബൂബക്കറിന്റെ മകൻ ഹാരിസിനെയാണ് തിങ്കളാഴ്‌ച രാവിലെ കാറിൽ തട്ടിക്കൊണ്ട് പോയത്.സാമ്പത്തിക പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും അന്വേഷണത്തിന് കര്‍ണാടക പൊലീസിന്റെ സഹായം തേടിയെന്നും പൊലീസ് അറിയിച്ചു.

സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയത്. മംഗലാപുരത്തെ സ്വകാര്യ കോളേജിൽ പ്ലസ് വൺ വിദ്യർഥിയാണ് ഹാരിസ്.വോർക്കാടി കൊള്ളിയൂരിൽ വച്ച് കാറിലെത്തിയ നാല് അംഗ സംഘം തടഞ്ഞ് നിർത്തി ബലമായി കാറിൽ കയറ്റുകയായിരുന്നു. ഹാരിസിന്റെ അമ്മാവൻ ലത്തീഫും പൈവളിഗെ സ്വദേശി നപ്പട്ടെ റഫീഖും തമ്മിൽ സ്വർണ ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഉണ്ടായ സാമ്പത്തിക പ്രശ്‌നമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ സ്വർണ ഇടപാടുമായി തങ്ങൾക്കാർക്കും ബന്ധമില്ലെന്നാണ് വീട്ടുകാർ പറയുന്നത് .

കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം സംഘം വീട്ടുകാരുമായി ബന്ധപ്പെടുകയും വിട്ടുകിട്ടാൻ രണ്ടു കോടി ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുട്ടി സുരക്ഷിതമാണെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘം കര്‍ണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിന് കർണാടക പൊലീസിന്റെ കൂടി സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട് .