LiveTV

Live

Kerala

കാസര്‍കോട് വഴിയോര കച്ചവടം നീക്കാനുള്ള ശ്രമം കച്ചവടക്കാര്‍ തട‍ഞ്ഞു  

പകരം സംവിധാനം ഒരുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടാണ് കട പൊളിക്കാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞത്.

കാസര്‍കോട് വഴിയോര കച്ചവടം നീക്കാനുള്ള ശ്രമം  കച്ചവടക്കാര്‍ തട‍ഞ്ഞു  

കാസര്‍കോട് നഗരത്തിലെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാനുള്ള നഗരസഭ ശ്രമം കച്ചവടക്കാര്‍ തടഞ്ഞു. പകരം സംവിധാനം ഒരുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടാണ് കട പൊളിക്കാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞത്. കലക്ടറുമായി തൊഴിലാളി നേതാക്കള്‍ ന‌ടത്തിയ ചര്‍ച്ചയില്‍ സാവകാശം നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ കട പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു മടങ്ങി.

ഹൈവെ വികസനത്തിന്‍റെ ഭാഗമായി കാസര്‍കോട് നഗരത്തിലെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നു. പകര്‍ച്ചവ്യാധികള്‍ക്ക് വഴിയോര കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാരണമാകുന്നെന്ന ജില്ലാ ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരം കടകള്‍ വേഗത്തില്‍ പൊളിക്കാനുള്ള നടപടികള്‍ നഗരസഭ സ്വീകരിച്ചത്. എന്നാല്‍ കട പൊളിച്ച് നീക്കിയാല്‍ പകരം സംവിധാനം ഒരുക്കണമെന്നും സാവകാശം വേണമെന്നാവശ്യപ്പെട്ടുമാണ് കടയുടമകള്‍ ശ്രമം തടഞ്ഞത്.

കച്ചവടക്കാര്‍ പ്രതിഷേധിച്ചതോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് നഗരസഭാ ഉദ്യോഗസ്ഥരും തൊഴിലാളി പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ ആഗസ്റ്റ് 15 വരെ കടകള്‍ പൊളിക്കില്ലെന്ന ധാരണയില്‍ എത്തുകയായിരുന്നു. ഒടുവില്‍ കട പൊളിച്ച് നീക്കുന്നതിന്‍റെ ഭാഗമായി വാഹനത്തില്‍ കയറ്റിയ സാധനങ്ങള്‍ ഇറക്കി വെച്ചാണ് നഗരസഭ അധികൃതര്‍ മടങ്ങിയത്.