LiveTV

Live

Kerala

ഉത്തരക്കടലാസും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ ശിവരഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജയിലില്‍ എത്തിയാണ് ക്രൈം ബ്രാഞ്ച്അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയുടെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉത്തരക്കടലാസും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ ശിവരഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യൂണിവേഴ്‌സിറ്റി കോളേജിലെ അഖില്‍ ചന്ദ്രന്‍ വധകേസിലെ ശിവരഞ്ജിത്തിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ചോദ്യപേപ്പര്‍ മോഷ്ടിച്ചതിനും വ്യാജ സീല്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനുമാണ് അറസ്റ്റ്. കേസില്‍ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് കാമ്പസ് ഫ്രണ്ട് ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.

കോടതി അനുമതിയോടെ ഉച്ചയ്ക്ക് ജയിലിലെത്തിയാണ് ശിവരഞ്ജിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിന്റെ സീല്‍ പിടിച്ചെടുത്തതിലും നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ ശിവരഞ്ജിത്തിനെതിരെ അഖിലിനെ ആക്രമിച്ചതടക്കം മൂന്ന് കേസുകളായി.

അതേസമയം അഖില്‍ വധശ്രമകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ രണ്ടാപ്രതി നസീമിന്റെയും ജാമ്യാപേക്ഷ വഞ്ചിയൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളികളഞ്ഞു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും രണ്ടുപ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും ആയിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.

ഇതിന് പുറമെ മറ്റ് പ്രതികളായ ആദില്‍, അദ്വൈത് എന്നിവരുടെ പരീക്ഷ ഹാള്‍ടിക്കറ്റ് വേണമെന്ന ആവശ്യവും കോടതി തള്ളി. പ്രിന്‍സിപ്പളിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങിവരുവാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഉത്തരപേപ്പര്‍ വിവാദത്തില്‍ ക്രൈംബ്രാഞ്ച് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

പ്രിലിമിനറി എന്‍ക്വയറിക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരത്തെ രണ്ട് യൂണിറ്റ് വിഷയത്തില്‍ അന്വേഷണം നടത്തുകയാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് കാമ്പസ് ഫ്രണ്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ച്ചയായി ഇത് മൂന്നാംദിവസമാണ് വിഷയത്തില്‍ വിവിധ സംഘടനകള്‍ നടത്തുന്ന സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമത്തില്‍ കലാശിക്കുന്നത്.