LiveTV

Live

Kerala

മന്ത്രിസഭാ യോഗത്തില്‍ സി.പി.എം - സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ വാക്കേറ്റം

ഭരണത്തിലിരുന്ന് സമരത്തിന് പോയാല്‍ ഇങ്ങനെയിരിക്കും എന്ന മന്ത്രി എ.കെ ബാലന്റെ പരാമര്‍ശമാണ് സി.പി.ഐ മന്ത്രിമാരെ ചൊടിപ്പിച്ചത്.

മന്ത്രിസഭാ യോഗത്തില്‍ സി.പി.എം - സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ വാക്കേറ്റം

മന്ത്രിസഭാ യോഗത്തിനിടെ സി.പി.എം- സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ വാക്കേറ്റം. ഭരണത്തിലിരുന്ന് സമരം ചെയ്താല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്. കുറേസമരം തങ്ങള്‍ ഏറ്റെടുത്ത് ചെയ്തതാണെന്നും സമരത്തിന്റെ ഭാഗമായി അടിവാങ്ങാന്‍ ഇനിയും മടിയില്ലെന്ന് സി.പി.ഐ മന്ത്രിമാര്‍ തിരിച്ചടിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് പ്രശ്‌നം അവസാനിച്ചത്.

എല്‍ദോ എബ്രഹാം എം.എല്‍.എ ഉള്‍പ്പെടെ സി.പി.ഐ നേതാക്കളെ പൊലീസ് തല്ലിച്ചതച്ച സംഭവം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് മന്ത്രിസഭാ യോഗത്തില്‍ ഉന്നയിച്ചത്. വെല്ലുവിളിക്കുന്നത് പോലെയായി പൊലീസ് നടപടിയെന്ന് റവന്യൂ മന്ത്രി പറഞ്ഞു. സി.ആര്‍.പി.എഫോ, ക്യാമ്പിലെ പൊലീസുകാരോ അല്ല എം.എല്‍.എയെ മര്‍ദ്ദിച്ചത്.

ലോക്കല്‍ പോലീസിന് എം.എല്‍.എയെ കണ്ടാല്‍ അറിയില്ലെ എന്നും മന്ത്രി ചോദിച്ചു. ഇതോടെ മന്ത്രി എ.കെ ബാലന്‍ ഇടപെട്ടു. ഭരണത്തിലിരുന്ന് സമരത്തിന് പോയാല്‍ ഇങ്ങനെയിരിക്കും എന്ന മന്ത്രി എ.കെ ബാലന്റെ പരാമര്‍ശം സി.പി.ഐ മന്ത്രിമാരെ ചൊടിപ്പിച്ചു.

കുറെ സമരം തങ്ങള്‍ ഏറ്റെടുത്ത് ചെയ്തതാണെന്നും സമരത്തിന്റെ ഭാഗമായി അടിവാങ്ങാന്‍ ഇനിയും മടിയില്ലെന്നും വി.എസ് സുനില്‍കുമാര്‍ മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രി ഇടപെട്ട് സംസാരിച്ചു. കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യന്ത്രി അന്വേഷണം പ്രഖ്യാപിച്ചതും, നടപടിയെടുക്കുമെന്ന് പറഞ്ഞതും സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ റവന്യൂമന്ത്രി പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ വിപത്കരമാണെന്നും വ്യക്തമാക്കി. മറ്റ് സി.പി.എം മന്ത്രിമാര്‍ വിഷയത്തില്‍ മൗനം പാലിച്ചു.