LiveTV

Live

Kerala

തമിഴ്നാട് ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതി സജീവാനന്ദിനായി പൊലീസ് തെരച്ചില്‍ തുടരുന്നു

നാട്ടുകാര്‍ സ്റ്റേഷനിലെത്തിച്ച പ്രതിയെ വെറുതെ വിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധവും ശക്തമാണ് 

തമിഴ്നാട് ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതി സജീവാനന്ദിനായി പൊലീസ് തെരച്ചില്‍ തുടരുന്നു

വയനാട് അമ്പലവയലില്‍ തമിഴ്നാട്ടുകാരായ ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതി സജീവാനന്ദിനായി പൊലീസ് തെരച്ചില്‍ തുടരുന്നു. നാട്ടുകാര്‍ സ്റ്റേഷനിലെത്തിച്ച പ്രതിയെ വെറുതെ വിട്ട പൊലീസ് നടപടിയില്‍ പ്രതിഷേധവും ശക്തമാണ്. മര്‍ദ്ദനത്തിനിരയായ ദമ്പതികളെയും പിന്നീട് പൊലീസിന് കണ്ടെത്താനായില്ല.

ഞായറാഴ്ച രാത്രി ഏഴരയോടെ അമ്പലവയല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോട്ടിലിട്ട് ക്രൂരമായി മര്‍ദ്ധിച്ചയാളെ പിടികൂടാന്‍ രണ്ട് ദിവസത്തിനു ശേഷവും പൊലീസിനായിട്ടില്ല. ആക്രമണം നടത്തിയ പ്രദേശവാസിയായ സജീവ് ആനന്ദിനെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും കേസെടുക്കാതെ പൊലീസ് വെറുതെ വിട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.

അക്രമി ഇന്നലെ ഉച്ചയോടെ ജില്ല വിട്ടതായി സംശയിക്കുന്ന പൊലീസ് അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. മര്‍ദ്ദനത്തിരയായവരെ കണ്ടെത്തി സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടാനും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാകമ്മിഷന്‍ പൊലീസില്‍ നിന്ന് വിശദീകരണം തേടുകയും അക്രമിയെ പിടികൂടുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.