LiveTV

Live

Kerala

മുല്ലപ്പള്ളിയെ വിമര്‍ശിച്ച അനില്‍ അക്കരയുടെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

കെ.പി.സി.സി പ്രസിഡന്റിനെതിരെ പ്രസ്താവന നടത്തരുതായിരുന്നെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്

 മുല്ലപ്പള്ളിയെ വിമര്‍ശിച്ച അനില്‍ അക്കരയുടെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

നേതൃത്വത്തെ വിമര്‍ശം എം.എല്‍.എയോട് അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചതിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതൃപ്തി അനില്‍ അക്കര എം.എല്‍.എയെ നേരിട്ടറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് അനില്‍ അക്കരയോട് സംസാരിച്ചത്. അക്കരക്കെതിരെ വിശദീകരണം ചോദിക്കലോ മറ്റു നടപടികളോ ഉണ്ടാകില്ല.

കെ.പി.സി.സി പ്രസിഡന്റിനെതിരായ അനില്‍ അക്കരയുടെ പരാമര്‍ശം ശരിയായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇന്ന് തിരുവനന്തുപരത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുടെ കൂടിക്കാഴ്ചയിലും അക്കരക്കെതിരായ അതൃപ്തി പ്രകടമായി. ഇതിനെ തുടര്‍ന്നാണ് ഇക്കാര്യം അനില്‍ അക്കരെ വിളിച്ചറിയിക്കാന്‍ രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയത്.

വിശദീകരണം ചോദിക്കലോ മറ്റു നടപടികളോ ഇതിലുണ്ടാകില്ല. സംഭവത്തെ വ്യക്തിപരമായി എടുക്കാന്‍ തയാറില്ലെന്ന എന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റിനുള്ളത്. വിമര്‍ശങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ പറയണമെന്ന കാര്യം മാത്രമാണ് മുല്ലപ്പള്ളി നേതാക്കളോട് പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭാവന പിരിച്ച് വാങ്ങുന്ന കാര്‍ രമ്യാ ഹരിദാസ് എം.പി സ്വീകരിക്കരുതെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെതിരായായിരുന്നു അനില്‍അക്കരയുടെ പ്രസ്താവന. പാര്‍ട്ടിയിലെ ഒരു വിഭാഗം യുവനേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന അഭിപ്രായമാണ് അനില്‍ അക്കരയിലൂടെ പുറത്തുവന്നതെന്നാണ് കരുതപ്പെടുന്നത്.