LiveTV

Live

Kerala

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ  

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ  

ന്യൂഡൽഹി: മട്ടന്നൂർ ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിൽ ഉൾപ്പെട്ട പ്രതികളെ കേരള പൊലീസ് പിടികൂടിയിട്ടുണ്ടെന്നും ഷുഹൈബ് വധത്തെ ഭീകരവാദ പ്രവർത്തനത്തിൽ ഉൾപ്പെടുത്താനാവില്ലെന്നും സർക്കാർ പരമോന്നത കോടതിയെ അറിയിച്ചു.

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്തിരുന്നു.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി ഷുഹൈബ് 2018 ഫെബ്രുവരി 12-നാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെ അക്രമികൾ 37 തവണ വെട്ടിയാണ് മരണം ഉറപ്പാക്കിയത്. സി.പി.എം - കോൺഗ്രസ് സംഘർഷത്തിന്റെ ഭാഗമായിരുന്നു കൊല.

കേസ് സി.ബി.ഐക്ക് വിടണമെന്ന് മന്ത്രി എ.കെ ബാലൻ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സി.പി.എം പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കേസ് സി.ബി.ഐക്കു വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഹർജി നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കപ്പെട്ടതിനെ തുടർന്നാണ് ഷുഹൈബിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഭീകരപ്രവർത്തനമായി കാണണമെന്നും പ്രതികൾക്കുമേൽ യു.എ.പി.എ ചുമത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.