LiveTV

Live

Kerala

വനം-ദേവസ്വം വകുപ്പിലെ തര്‍ക്കം; പമ്പക്ക് നഷ്ടം ലക്ഷങ്ങളുടെ മണല്‍ ശേഖരം

പമ്പ - ത്രിവേണിയിലെ 20,000 ക്യുബിക് മീറ്റർ മണൽ ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു

വനം-ദേവസ്വം വകുപ്പിലെ തര്‍ക്കം;  പമ്പക്ക് നഷ്ടം ലക്ഷങ്ങളുടെ മണല്‍ ശേഖരം

വനം - ദേവസ്വം വകുപ്പുകളുടെ തർക്കം കാരണം പമ്പയിൽ മഴയെ തുടര്‍ന്ന് ഒലിച്ചു പോയത് ലക്ഷങ്ങളുടെ മണല്‍ ശേഖരം. തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയിട്ടും അനുവദിച്ച മണൽ ഏറ്റെടുക്കാൻ ദേവസ്വം ബോർഡിന് സാധിച്ചിരുന്നില്ല. ശബരിമല വികസനത്തിനായി മാറ്റിയിട്ട മണല്‍ ശേഖരമാണ് ഒലിച്ചു പോയത്.

കഴിഞ്ഞ പ്രളയത്തിൽ 90000 ക്യുബിക് മീറ്റർ മണലാണ് പമ്പയിൽ അടിഞ്ഞ് കൂടിയത്. പമ്പ - ത്രിവേണിയിലെ 20,000 ക്യുബിക് മീറ്റർ മണൽ ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ബാക്കി മണൽ വനം വകുപ്പിന് ലേലം ചെയ്യാമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ദേവസ്വം ബോർഡിന് അനുവദിച്ച മണൽ സൗജന്യമായി വിട്ടു നൽനാകില്ലെന്നും മണലിന്റെ വിലയായി ജി.എസ്.ടി ഉൾപ്പെടെ ഒൻപതു കോടി നൽകണമെന്നായിരുന്നു വനം വകുപ്പ് നിലപാട്.

ഉത്തരവിൽ അവ്യക്തതയുണ്ടെന്നും വനം വകുപ്പ് വാദിച്ചു. ഇതേ തുടർന്ന് മണൽ നീക്കം സ്തംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ചക്കുപാലത്തിനും പമ്പയ്ക്കും സമീപങ്ങളിലായി കൂട്ടിയിട്ടിരുന്ന മണലിന്റെ നല്ലൊരു ഭാഗവും ഒലിച്ചു പോയി. മഴയിൽ ത്രിവേണിയിലെ ജലനിരപ്പ് കൂടുന്ന സാഹചര്യത്തിൽ ശേഷിക്കുന്ന മണലും ഒലിച്ചു പോകാനാണ് സാധ്യത.