LiveTV

Live

Kerala

വിപ്പിനെ ചൊല്ലി കേരള കോൺഗ്രസില്‍ തർക്കം രൂക്ഷം

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് ഉയർത്തിക്കാട്ടിയാണ് ജോസഫ് വിഭാഗം നീക്കങ്ങൾ നടത്തുന്നത്.

വിപ്പിനെ ചൊല്ലി കേരള കോൺഗ്രസില്‍ തർക്കം രൂക്ഷം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കാനുള്ള അധികാരത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിപ്പ് നല്‍കാന്‍ പി.ജെ ജോസഫിന് അധികാരമില്ലെന്നും ജോസ് കെ മാണി വിഭാഗം ആരോപിച്ചു. എന്നാൽ ഭരണഘടന എന്തെന്ന് അറിയാത്തവരാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് ജോസഫ് വിഭാഗവും പ്രതികരിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തെ സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ തള്ളി പി.ജെ ജോസഫ് അജിത്ത് മുതിരമലയ്ക്കായി വിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിപ്പ് നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാര്‍ക്ക് ആണെന്ന വാദവുമായി ജോസ് കെ മാണി വിഭാഗം രംഗത്തെത്തിയത്. ജില്ലാ പ്രസിഡന്റുമാരുടെ അധികാരം തിരിച്ചെടുക്കാനാകില്ലെന്നും പി.ജെ ജോസഫിന്റെ വിപ്പ് നിലനില്‍ക്കില്ലെന്നും ജോസഫ് വിഭാഗം ആരോപിച്ചു. വിപ്പ് നല്‍കാനുള്ള അധികാരം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയിയിരുന്നു വിമർശം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് ഉയർത്തിക്കാട്ടിയാണ് ജോസഫ് വിഭാഗം നീക്കങ്ങൾ നടത്തുന്നത്. ഭരണഘടന പഠിക്കാത്തവരാണ് ആരോപണത്തിന് പിന്നിലെന്ന് മോന്‍സ് ജോസഫ് തിരിച്ചടിച്ചു. ജോസഫിനാണ് വിപ്പ് നല്‍കാനുള്ള അധികാരമെന്നും മോന്‍സ് ഓര്‍മപ്പെടുത്തി.

ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ യു.ഡി.എഫ് പ്രതിസന്ധിയിലായിരിക്കുകയാണ്. ആര്‍ക്ക് പിന്തുണ നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസും ആശയക്കുഴപ്പത്തിലാണ്. അട്ടിമറി നടത്താൻ എല്‍.ഡി.എഫ് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ നാളെ നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.