LiveTV

Live

Kerala

ആദ്യം അനുമതി നല്‍കി, പണി പൂര്‍ത്തിയായപ്പോള്‍ ഉടക്കി; പ്രവാസി വ്യവസായിയെ കുരുക്കി പഞ്ചായത്ത് അധികൃതര്‍

കെട്ടിടം പണി പൂര്‍ത്തിയായപ്പോള്‍ അനുമതി കൊടുത്ത പ‍ഞ്ചായത്ത് തന്നെ ഈ പ്രവാസി സംരഭത്തിന് തടസ്സം നിന്നു.

ആദ്യം അനുമതി നല്‍കി, പണി പൂര്‍ത്തിയായപ്പോള്‍ ഉടക്കി; പ്രവാസി വ്യവസായിയെ കുരുക്കി പഞ്ചായത്ത് അധികൃതര്‍

പ്രവാസി വ്യവസായിയെ കുരുക്കി പഞ്ചായത്ത് അധികൃതര്‍. കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്ത്, പണി പൂര്‍ത്തിയായപ്പോള്‍ കെട്ടിട നമ്പര്‍ നല്‍കുന്നില്ലെന്നാണ് പരാതി. പുറംപോക്ക് ഭൂമിയില്‍ കെട്ടിടം നിര്‍മിച്ചതിനാലെന്നാണ് ഔദ്യോഗിക വിശദീകരണം. കാസര്‍കോട് മധൂര്‍ പഞ്ചായത്തിലാണ് പ്രവാസി വ്യവസായി അധികൃതരുടെ അനാസ്ഥ മൂലം ദുരിതമനുഭവിക്കുന്നത്.

കഴിഞ്ഞ 26 വര്‍ഷം പ്രവാസ ജീവിതം നയിച്ച മധൂര്‍ പഞ്ചായത്തിലെ അഷ്റഫിനാണ് ഈ ദുര്‍ഗതി. നാട്ടില്‍ വന്ന് സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്ന മോഹവുമായാണ് അഷ്റഫ് തന്‍റെ പേരില്‍ കഴിഞ്ഞ 30 വര്‍ഷമായുള്ള ഭൂമിയില്‍ 30 ലക്ഷത്തോളം രൂപ മുടക്കി വ്യവസായികാടിസ്ഥാനത്തില്‍ കെട്ടിടം പണിയുന്നത്. ബാങ്ക് ലോണടക്കം എടുത്താണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. 2015 ല്‍ മധൂര്‍ പഞ്ചായത്ത് കെട്ടിടം നിര്‍മിക്കാനുള്ല അനുമതിയും നല്‍കി.

കെട്ടിടത്തിന്‍റെ രൂപരേഖയടക്കം കണ്ട് സ്ഥലം അളന്ന് പരിശോധിച്ചതിന് ശേഷമാണ് അനുമതി നല്‍കിയത്. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയായപ്പോള്‍ അനുമതി കൊടുത്ത പ‍ഞ്ചായത്ത് തന്നെ ഈ പ്രവാസി സംരഭത്തിന് തടസ്സം നിന്നു.

പഞ്ചായത്ത് അംഗീകരിച്ച കെട്ടിട നിര്‍മാണത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നതിന് സെക്രട്ടറിയുടെ മറുപടി, അനുമതി നല്‍കുമ്പോള്‍ എഞ്ചിനീയര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അതിന് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നുമാണ്.

ഉദ്യോഗസ്ഥ അലംഭാവം മൂലം കഷ്ടത അനുഭവിക്കുന്ന ഈ പ്രവാസിക്ക് ഇനി എന്ത് ചെയ്യണമെന്നറിയില്ല. മുഖ്യമന്ത്രിയടക്കം വിവിധ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി കൊടുത്തെങ്കിലും കാര്യമുണ്ടായില്ല. അടുത്ത ദിവസം ചേരുന്ന ജില്ലാ പഞ്ചായത്ത് അദാലത്തിലെങ്കിലും തന്‍റെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ഈ പ്രവാസി കരുതുന്നത്. കാസര്‍കോട് ജില്ലയിലെ ബി.ജെ.പി ഭരിക്കുന്ന രണ്ടു പ‍ഞ്ചായത്തുകളിലൊന്നാണ് മധൂര്‍ ഗ്രാമ പഞ്ചായത്ത്.