LiveTV

Live

Kerala

പൊലീസിനെതിരെയുള്ള മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികം: കാനം രാജേന്ദ്രന്‍

പൊലീസിന്റെ ലാത്തിയടിയില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ കൈയ്യൊടിഞ്ഞ സംഭവത്തിലാണ് കാനത്തിന്റെ പ്രതികരണം.

പൊലീസിനെതിരെയുള്ള മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികം: കാനം രാജേന്ദ്രന്‍

പൊലീസിനെതിരെയുള്ള മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്വാഭാവികമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജലപീരങ്കി പ്രയോഗിച്ചതും ലാത്തിച്ചാർജ് നടത്തിയതും ഇതിന്റെ ഭാഗമാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. പൊലീസിന്റെ ലാത്തിയടിയില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ കൈയ്യൊടിഞ്ഞ സംഭവത്തിലാണ് കാനത്തിന്റെ പ്രതികരണം.

പിണറായിയുടെ പോലീസ് ഒരു മർദ്ദന ഉപകരണമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച സംഭവമാണ് എൽദോ എബ്രഹാം എം.എല്‍.എക്കെതിരായ പൊലീസ് നടപടിയെന്ന് പി.ടി തോമസ് എം.എല്‍.എ. സി.പി.ഐയെ സംബന്ധിച്ച് അത് സഹിക്കുകയല്ലാതെ വേറെ മാർഗമില്ല. കഴിഞ്ഞ കുറെ മാസങ്ങളായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രേൻ പരിപൂർണമായി നിശബ്ദനാണെന്നും പി.ടി തോമസ് പ്രതികരിച്ചു.

പ്രകോപനമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കയറൂരി വിട്ട പൊലീസാണ് ആക്രമണം നടത്തിയത്. പൊലീസിൽ ആർക്കും നിയന്ത്രണം ഇല്ലാത്ത അവസ്ഥയാണുള്ളത്. ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ ചോദിച്ചു.

കൊച്ചിയിൽ സി.പി.ഐ ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. വൈപ്പിൽ ഗവൺമെന്റ് ആർട്സ് ആൻറ് സയൻസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറിയെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ഈ കേസിൽ ഞാറക്കൽ സി.ഐ പക്ഷപാതപരമായി പെരുമാറുന്നു, ഇദ്ദേഹത്തെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ ഐ.ജി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.