LiveTV

Live

Kerala

പൊലീസിൽ ആർക്കും നിയന്ത്രണമില്ല; ലാത്തിയടിയില്‍ കയ്യൊടിഞ്ഞ എല്‍ദോ എബ്രഹാം എം.എല്‍.എ

കൊച്ചിയിൽ സിപിഐ നടത്തിയ ഐ.ജി ഓഫീസ് മാർച്ചിൽ സംഘർഷം.

പൊലീസിൽ ആർക്കും നിയന്ത്രണമില്ല; ലാത്തിയടിയില്‍ കയ്യൊടിഞ്ഞ എല്‍ദോ എബ്രഹാം എം.എല്‍.എ

പൊലീസിന്റെ ലാത്തിയടിയില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിന്റെ കൈയ്യൊടിഞ്ഞു. പ്രകോപനമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. കയറൂരി വിട്ട പൊലീസാണ് ആക്രമണം നടത്തിയത്. പൊലീസിൽ ആർക്കും നിയന്ത്രണം ഇല്ലാത്ത അവസ്ഥയാണുള്ളത്. ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ ചോദിച്ചു.

കൊച്ചിയിൽ സി.പി.ഐ ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. വൈപ്പിൽ ഗവൺമെന്റ് ആർട്സ് ആൻറ് സയൻസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ സന്ദർശിക്കാനെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറിയെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. ഈ കേസിൽ ഞാറക്കൽ സി.ഐ പക്ഷപാതപരമായി പെരുമാറുന്നു, ഇദ്ദേഹത്തെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ ഐ.ജി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവർത്തകർ പൊലീസിന്റെ ബാരിക്കേഡ് തകർത്തു. തുടർന്ന് പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് ലാത്തിയടിയേറ്റു.

സമരത്തെ അടിച്ചമർത്താൻ ശ്രമിച്ച പൊലീസിനെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു. നേരത്തെ കോളജിലുണ്ടായ സംഘർഷത്തെ തുടർന്ന് എറണാകുളം ജില്ലയിൽ സി.പി.എം - സി.പി.ഐ ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. ഇത് കൂടുതൽ രൂക്ഷമായേക്കും.

പൊലീസ് നടപടിയില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചു. എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരായ നടപടി ശരിയായില്ലെന്നും വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തുടര്‍ന്ന് പൊലീസ് നടപടിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ എ.സി.പി ലാല്‍ജി അടക്കം ആറ് പൊലീസുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.