LiveTV

Live

Kerala

‘ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡണ്ട്?’ മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി അനിൽ അക്കര എം.എൽ.എ  

ആലത്തൂർ എം.പി രമ്യാ ഹരിദാസിന് കാർ വാങ്ങി നൽകാനുള്ള ആലത്തൂർ പാർലമെന്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എതിർത്തിരുന്നു. 

‘ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡണ്ട്?’ മുല്ലപ്പള്ളിക്കെതിരെ ഒളിയമ്പുമായി അനിൽ അക്കര എം.എൽ.എ  

തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞു കിടക്കുന്നതിലുള്ള പ്രതിഷേധം ഫേസ്ബുക്കിലൂടെ പരസ്യമായി പ്രകടിപ്പിച്ച് അനിൽ അക്കര എം.എൽ.എ. 'തൃശ്ശൂർ ഡിസിസിക്ക് പ്രസിഡണ്ടില്ല, ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡണ്ട്. മാസങ്ങൾ കഴിഞ്ഞു. ഒരു ചുമതലക്കാരെനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡണ്ടാണ്...' - അനിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഡി.സി.സി പ്രസിഡണ്ടായിരുന്ന ടി.എൻ പ്രതാപൻ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനം രാജിവെക്കുകയായിരുന്നു. എം.പി എന്ന നിലയിൽ പാർലമെന്ററി പാർട്ടിക്കു വേണ്ടി കൂടുതൽ സമയം മാറ്റിവെക്കേണ്ടി വരുമെന്നതിനാൽ ഡി.സി.സി ചുമതല കൂടി കൊണ്ടുപോകാൻ കഴിയില്ലെന്ന എ.ഐ.സി.സിക്കും കെ.പി.സി.സിക്കും നൽകിയ രാജിക്കത്തിൽ പറഞ്ഞിരുന്നു.

ആലത്തൂർ എം.പി രമ്യാ ഹരിദാസിന് കാർ വാങ്ങി നൽകാനുള്ള ആലത്തൂർ പാർലമെന്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എതിർത്തിരുന്നു. ആലത്തൂർ എം.പിക്ക് വാഹനം വാങ്ങിനൽകാനുള്ള കമ്മിറ്റിയുടെ തീരുമാനത്തെ ന്യായീകരിച്ചവരിൽ മുൻനിരയിലായിരുന്ന അനിൽ അക്കര, കെ.പി.സി.സി പ്രസിഡണ്ടിന്റെ അഭിപ്രായങ്ങൾ ഏറെ ബഹുമാനത്തോടെ കാണുന്നുവെന്നാണ് ഫേസ്ബുക്കിൽ പ്രതികരിച്ചത്.

ഇതിനു പിന്നാലെയാണ്, മുല്ലപ്പള്ളിക്കു നേരെയുള്ള ഒളിയമ്പെന്നു തോന്നിക്കുന്ന പോസ്റ്റുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്. എം.എൽ.എ പോസ്റ്റിനു കീഴിൽ വന്ന കമന്റുകളിൽ പലതും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിക്കുന്നതാണ്.