LiveTV

Live

Kerala

സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയായി; മുല്ലപ്പള്ളിക്കെതിരെ യുവനേതാക്കളുടെ പടയൊരുക്കം

ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിലെ മുല്ലപ്പള്ളിയുടെ ഇടപെടല്‍ സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിക്കലായി പോയെന്ന് അനില്‍ അക്കര

സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയായി; മുല്ലപ്പള്ളിക്കെതിരെ യുവനേതാക്കളുടെ പടയൊരുക്കം

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ യുവനേതാക്കളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പടയൊരുക്കം. മുല്ലപ്പള്ളിക്കെതിരെ പരസ്യ പ്രസ്താവനയുമായി അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. മുല്ലപ്പള്ളിക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യ വിമര്‍ശമാകാമെങ്കില്‍ തനിക്കുമാകാമെന്ന് അനില്‍ അക്കര തൃശൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പുനസംഘടന നടക്കാത്തതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ് ബുക്കില്‍ പോസ്റ്റിട്ട അനില്‍ അക്കര, മുല്ലപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലുമെത്തി. ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിലെ മുല്ലപ്പള്ളിയുടെ ഇടപെടല്‍ സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിക്കലായി പോയെന്ന് അനില്‍ അക്കര പറഞ്ഞു. മുല്ലപ്പള്ളിയെ പോലെ താനും എ.ഐ.സി.സി അംഗമാണ്. മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡണ്ടാണെന്ന വ്യത്യാസം മാത്രം.

യുവനേതാക്കളെ പരസ്യമായി അപമാനിക്കുന്ന നിലപാട് മുല്ലപ്പള്ളി തുടര്‍ച്ചയായി സ്വീകരിക്കുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. നേരത്തെ വി.ടി ബല്‍റാമിനെയും മുല്ലപ്പള്ളി പരസ്യമായി ശാസിച്ചിരുന്നു. അനില്‍ അക്കരക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ മുല്ലപ്പള്ളിക്കെതിരെ രംഗത്ത് വരുമെന്നാണ് സൂചന.