LiveTV

Live

Kerala

അന്ന് രാഷ്ട്രപതി ആദരിച്ചു, ഇന്ന് ആത്മഹത്യയുടെ വക്കില്‍

16 ലക്ഷം രൂപയാണ് എൻജിൻ നിമ്മിച്ച് നൽകിയതിന് മത്സ്യ ഫെഡ് മോഹൻലാലിന് നൽകാനുള്ളത്.

അന്ന് രാഷ്ട്രപതി ആദരിച്ചു, ഇന്ന് ആത്മഹത്യയുടെ വക്കില്‍

മത്സ്യബന്ധനത്തിന് ഇന്ധനച്ചെലവ് കുറഞ്ഞ ബോട്ട് എന്‍ജിന്‍ കണ്ടുപിടിച്ച ആലപ്പുഴ സ്വദേശി മോഹൻലാൽ ആത്മഹത്യയുടെ വക്കില്‍. പുതിയ കണ്ടുപിടുത്തത്തിലൂടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായി മാറിയ മോഹൻലാലിനെ മത്സ്യഫെഡിന്റെ കാലുമാറ്റമാണ് വന്‍ കടക്കാരനാക്കി മാറ്റിയത്. ഇപ്പോള്‍ സ്വന്തം കിടപ്പാടം വരെ നഷ്ടപ്പെട്ട് കടുത്ത ദുരിതത്തിലാണ് ഇദ്ദേഹം.

ആലപ്പുഴ പുന്നപ്ര സ്വദേശി മോഹൻലാൽ തന്റെ കണ്ടുപിടുത്തത്തിന് രാഷ്ട്രപതിയിൽ നിന്ന് പോലും പുരസ്കാരം നേടിയിട്ടുണ്ട്. എന്നാൽ ഇന്ന് ഇതേ കണ്ടുപിടുത്തത്തിന്റെ പേരിൽ സ്വന്തം വീടുപോലും മോഹന്‍ലാലിന് നഷ്ടമായി. വര്‍ക്ക്ഷോപ് ഉടമായയ മോഹന്‍ലാല്‍ ഇരുപത് വർഷം മുൻപാണ് ഇന്ധനം ലാഭിച്ച് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് എൻജിൻ വികസിപ്പിക്കാന്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്. 2001 ൽ അത് യാഥാര്‍ഥ്യമായി.

നിലവിലെ ചിലവിന്റെ 65 ശതമാനം വരെ ഇന്ധന ലാഭം ലഭിക്കുന്ന നാല് പ്രൊപല്ലർ ഘടിപ്പിക്കാവുന്ന യന്ത്രമാണ് മോഹൻലാല്‍ വികസിപ്പിച്ചത്. ജലമലിനീകരണവും കുറവ്. ഫലം ബോധ്യപ്പെട്ട മത്സ്യഫെഡ് ആദ്യ ഘട്ടത്തില്‍ 25 എണ്ണം നിര്‍മിക്കാന്‍ ഓർഡർ നൽകി. ഇത് മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ച് വിജയകരമാണെന്നു കണ്ടതോടെ നൂറെണ്ണം കൂടി നിർമ്മിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

16 ലക്ഷം രൂപയാണ് എൻജിൻ നിമ്മിച്ച് നൽകിയതിന് മത്സ്യ ഫെഡ് മോഹൻലാലിന് നൽകാനുള്ളത്. എൻജിനുകൾ ഇറക്കുമതി ചെയ്യുന്ന വിദേശ കമ്പനികളിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ മോഹിച്ചാണ് മത്സ്യഫെഡ് ഉദ്യോഗസ്ഥർ തന്റെ കണ്ടുപിടുത്തത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്ന് മോഹൻലാല്‍ പറയുന്നു. അവസാന ശ്രമമെന്ന നിലയില്‍ പ്രധാനമന്ത്രിക്ക് നിവേദനം നൽകാനാരുങ്ങുകയാണ് മോഹൻലാൽ.