LiveTV

Live

Kerala

ബൂത്ത് കമ്മറ്റികളെ സജീവമാക്കാന്‍ പുതിയ പദ്ധതിയുമായി കോഴിക്കോട് ഡി.സി.സി

സ്വാശ്രയ സംഘവും ചിട്ടിയുമടക്കം വിപുലമായ പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്

ബൂത്ത് കമ്മറ്റികളെ സജീവമാക്കാന്‍ പുതിയ പദ്ധതിയുമായി കോഴിക്കോട് ഡി.സി.സി

തദ്ദേശ തെരഞ്ഞെടുപ്പിനായി ബൂത്ത് കമ്മറ്റികളെ സജീവമാക്കാന്‍ പുതിയ പദ്ധതിയുമായി കോഴിക്കോട് ഡി.സി.സി ബൂത്ത് തലത്തില്‍ സ്വാശ്രയ സംഘവും ചിട്ടിയുമടക്കം വിപുലമായ പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്. മണ്ഡലം കമ്മറ്റികളുടേയും ബൂത്ത് കമ്മറ്റികളുടേയും പ്രവര്‍ത്തനം വിലയിരുത്തി ഭാരവാഹികളെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്കും കടക്കാനാണ് തീരുമാനം. അടിത്തട്ട് സജീവമായില്ലെങ്കില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവിലാണ് മുമ്പെങ്ങുമില്ലാത്ത പദ്ധതികളിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്. പയ്യോളി ഇരിങ്ങലില്‍ നടന്ന ദ്വിദിന ക്യാമ്പില്‍ പദ്ധതിക്ക് അന്തിമ രൂപം നല്‍കി.

ബൂത്ത് തലത്തില്‍ സ്വാശ്രയ സംഘങ്ങളുടെ മാതൃകയില്‍ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. ചിട്ടിയും പ്രവര്‍ത്തകരുടെ കൂട്ടായ്മയിലുള്ള കൃഷിയുമെല്ലാം ഇതിന്‍റെ ഭാഗമാണ്. അംഗങ്ങളുടെ കുടുംബവമായി വിനോദയാത്രയും വര്‍ഷത്തിലൊരിക്കല്‍ കുടുംബസംഗമവുമെല്ലാം പുതിയ പ്രവര്‍ത്തന മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിനു പുറമേ ഓരാ മാസത്തേയും പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താന്‍ ബൂത്ത് തലത്തില്‍ ഫീല്‍ഡ് ഡയറിയും തയ്യാറാക്കും. ബൂത്ത് തല നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിച്ചാകണം ഡയറി തയ്യാറാക്കേണ്ടത്. ഫീല്‍ഡ് ഡയറി നാലു മാസം കൂടുമ്പോള്‍ മണ്ഡലം ,ബ്ലോക്ക് കമ്മറ്റികള്‍ പരിശോധിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബൂത്ത് കമ്മറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്തി സജീവമല്ലാത്ത നേതാക്കളെ മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.