LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; നിര്‍ണ്ണായക നീക്കവുമായി ജോസഫ് 

ജില്ല പഞ്ചായത്തിലും മാണി വിഭാഗത്തിന് തന്നെയാണ് ശക്തി. ആറ് പ്രതിനിധികളും മാണി വിഭാഗക്കാര്‍. എന്നാല്‍ ഇതില്‍ നിന്നും ഒരാളെ അടര്‍ത്തിയെടുത്ത് നിര്‍ണ്ണായക നീക്കം നടത്താനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; നിര്‍ണ്ണായക നീക്കവുമായി ജോസഫ് 

കേരള കോണ്‍ഗ്രസില്‍ നിര്‍ണ്ണായക നീക്കവുമായി പി.ജെ ജോസഫ് വിഭാഗം. മാണി വിഭാഗത്തിന്റെ തട്ടകമായ കോട്ടയത്ത് ഇന്ന് പുതിയ ജില്ലാ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. അടുത്ത ദിവസം നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കി ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി നല്‍കാനാണ് നീക്കം.

നിലവില്‍ കോട്ടയം ജില്ല, മാണി വിഭാഗത്തിന്റെ തട്ടകമായിട്ടാണ് അറിയപ്പെടുന്നത്. ജില്ല പഞ്ചായത്തിലും മാണി വിഭാഗത്തിന് തന്നെയാണ് ശക്തി. ആറ് പ്രതിനിധികളും മാണി വിഭാഗക്കാര്‍. എന്നാല്‍ ഇതില്‍ നിന്നും ഒരാളെ അടര്‍ത്തിയെടുത്ത് നിര്‍ണ്ണായക നീക്കം നടത്താനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് ജോസഫ് വിഭാഗം കോട്ടയത്ത് പുതിയ ജില്ല പ്രസിഡന്റിനെ തെരഞ്ഞെടുക്കും. തുടര്‍ന്ന് ജില്ല പ്രസിഡന്റ് മുഖേന ജോസഫ് വിഭാഗത്തിലേക്ക് എത്തിയ പഞ്ചായത്ത് മെമ്പര്‍ക്ക് വോട്ട് ചെയ്യണമെന്ന് കാണിച്ച് വിപ്പ് നല്‍കാനാണ് നീക്കം.

ഔദ്യോഗിക പക്ഷം തങ്ങളാണെന്ന വാദമാണ് ജോസഫ് വിഭാഗം ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇതിനോടകം തന്നെ യു.ഡി.എഫിലെ ധാരണ അനുസരിച്ച് കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആക്കണമെന്ന് കാട്ടി യു.ഡി.എഫിന് കത്ത് നല്കിയിട്ടുണ്ട്. ജോസ് കെ മാണിയുടെ നിര്‍ദ്ദേശ പ്രകാരം വിപ്പും നല്കി. അതുകൊണ്ട് തന്നെ 24ാം തിയതി നടക്കുന്ന ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.