LiveTV

Live

Kerala

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിന്റെ വരവ്; ചെക്‌പോസ്റ്റുകളില്‍ പരിശോധനയില്ല

മായം കണ്ടെത്തി മീനുകള്‍ തിരിച്ചയക്കുന്നുവെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പറയുന്ന ചെക്‌പോസ്റ്റുകളിലൂടെ യാതൊരു പരിശോധനയുമില്ലാതെ മീനുകള്‍ യഥേഷ്ടം കേരളത്തിലേക്കെത്തുകയാണ്

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യത്തിന്റെ വരവ്; ചെക്‌പോസ്റ്റുകളില്‍ പരിശോധനയില്ല

സംസ്ഥാനത്ത് ഫോര്‍മാലിന്റെ സാന്നിധ്യമുള്ള മത്സ്യം പിടിച്ചെടുത്തിട്ടും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യമെത്തുന്നത് കാര്യമായ പരിശോധനകളില്ലാതെ. ചെക്‌പോസ്റ്റുകളില്‍ കര്‍ശനപരിശോധന നടത്തുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വാദം. എന്നാല്‍ കൃത്യമായ പരിശോധ നടക്കുന്നില്ലെന്ന് മാത്രമല്ല അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ മതിയായ ഉദ്യോഗസ്ഥര്‍ പോലുമില്ല.

കൊല്ലത്തെ പള്ളിമുക്ക്, വാടി, കരുനാഗപ്പള്ളി മാര്‍ക്കറ്റുകളില്‍ നിന്നായി ഫോര്‍മാലിന്‍ കലര്‍ന്ന നൂറുകിലോയിലധികം മീനുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെ ജില്ലയിലെ മാര്‍ക്കറ്റുകളിലും ചെക്‌പോസ്റ്റുകളിലുമൊക്കെ കര്‍ശനപരിശോധന നടത്തുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്.

കൊല്ലത്തെ ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ രാത്രി പത്തുമുതല്‍ പുലര്‍ച്ചെ രണ്ടുമണിവരെ കാത്തെങ്കിലും ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞ കര്‍ശനപരിശോധന കാണാനായില്ല. കിറ്റുകളുപയോഗിച്ച് മായം കണ്ടെത്തുന്നുവെന്നവകാശപ്പെട്ട ചെക്‌പോസ്റ്റില്‍ ആകെയുള്ളത് എക്‌സൈസിന്റെ പരിശോധന മാത്രം. അവര്‍ക്കാകട്ടെ അനധികൃത കടത്തുകള്‍ മാത്രം പിടികൂടാനാണ് അധികാരമുള്ളത്.

അതിര്‍ത്തിയില്‍ തന്നെ മായം കണ്ടെത്തി മീനുകള്‍ തിരിച്ചയക്കുന്നുവെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പറയുന്ന ചെക്‌പോസ്റ്റുകളിലൂടെ യാതൊരു പരിശോധനയുമില്ലാതെ മീനുകള്‍ യഥേഷ്ടം കേരളത്തിലേക്കെത്തുകയാണ്.