LiveTV

Live

Kerala

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി 

തിരുവനന്തപുരം അഞ്ച് തെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

നീണ്ടകരയില്‍ നിന്ന്  കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി 

കൊല്ലം നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹം തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സഹായരാജുവിനൊപ്പം കാണാതായ രാജു, ജോണ്‍ബോസ്കോ എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നേവിയുടെ ഹെലികോപ്റ്ററും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും ബോട്ടുകളുമാണ് തിരച്ചില്‍ നടത്തുന്നത്.

കാലാവസ്ഥ മോശമായതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വൈകിയാണ് തുടങ്ങാനായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെയാണ് തമിഴ്നാട് സ്വദേശികളായ അഞ്ചുമത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. നീണ്ടകര തീരത്തേക്ക് മടങ്ങിയ വള്ളം തകര്‍ന്ന് അഞ്ചുപേരും കടലില്‍ വീണു. നിക്കോളാസ്, സ്റ്റാലിന്‍ എന്നിവര്‍ കരയിലേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ തിരയില്‍പ്പെട്ട് കാണാതായി.

അതേസമയം കാലാവസ്ഥാമുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസും, മറൈന്‍ എന്‍ഫോഴ്സ്മെന്റും നിരീക്ഷണം ശക്തമാക്കി. പരമ്പരാഗത ഹാര്‍ബറുകളില്‍ കോസ്റ്റല്‍ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.