LiveTV

Live

Kerala

ആന്തൂര്‍ നഗരസഭാധ്യക്ഷക്ക് വീഴ്ച പറ്റിയെന്ന നിലപാട് തിരുത്തി സി.പി.എം

ആന്തൂരിനെ ചൊല്ലി പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസം രാഷ്ട്രീയ ശത്രുക്കള്‍ മുതലെടുക്കുന്ന സാഹചര്യമുണ്ടായെന്നും ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കണമെന്നും ജില്ലാ കമ്മറ്റി തീരുമാനമെടുത്തു.

ആന്തൂര്‍ നഗരസഭാധ്യക്ഷക്ക് വീഴ്ച പറ്റിയെന്ന നിലപാട് തിരുത്തി സി.പി.എം

ആന്തൂര്‍ വിഷയത്തില്‍ നഗരസഭാധ്യക്ഷക്ക് വീഴ്ച പറ്റിയെന്ന നിലപാട് തിരുത്തി സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം.സംസ്ഥാന സമിതിയുടെ നിലപാട് ജില്ലാ നേതൃത്വം അംഗീകരിച്ചു. ആന്തൂരിനെ ചൊല്ലി പാര്‍ട്ടിയില്‍ രണ്ട് നിലപാടില്ലന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. ആന്തൂര്‍ വിഷയം ഉയര്‍ത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമമെന്നും കോടിയേരി.

പ്രവാസി വ്യവസായി സാജനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ കണ്ടെത്തല്‍. ഇക്കാര്യം നേതാക്കളായ എം.വി ജയരാജനും പി.ജയരാജനും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി ഈ നിലപാടിനെ തള്ളി രംഗത്തെത്തി. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ത്തത്.

രാവിലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ നിലപാട് കോടിയേരി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവില്‍ വിഷയത്തില്‍ ആദ്യം എടുത്ത നിലപാട് സെക്രട്ടറിയേറ്റ് തിരുത്തുകയായിരുന്നു. ശേഷം നടന്ന ജില്ലാ കമ്മിറ്റി യോഗവും സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അംഗീകരിച്ചു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട കോടിയേരി ആന്തൂരിനെ ചൊല്ലി പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമില്ലന്നും സംസ്ഥാന കമ്മറ്റിയുടെ നിലപാട് ജില്ലാ കമ്മറ്റി അംഗീകരിച്ചതായും അറിയിച്ചു.

ആന്തൂരിനെ ചൊല്ലി പാര്‍ട്ടിക്കുള്ളിലുണ്ടായ അഭിപ്രായ വ്യത്യാസം രാഷ്ട്രീയ ശത്രുക്കള്‍ മുതലെടുക്കുന്ന സാഹചര്യമുണ്ടായെന്നും ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കണമെന്നും ജില്ലാ കമ്മറ്റി തീരുമാനമെടുത്തു.