LiveTV

Live

Kerala

കേരളത്തില്‍ മഴ കനക്കുന്നു; പലയിടങ്ങളിലും രൂക്ഷമായ കടലാക്രമണം,വീടുകള്‍ തകര്‍ന്നു

ആലപ്പുഴയിലും പൊന്നാനിയിലും തൃശൂരും നിരവധി വീടുകള്‍ തകര്‍ന്നു.കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കാസര്‍കോട് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കേരളത്തില്‍ മഴ കനക്കുന്നു; പലയിടങ്ങളിലും രൂക്ഷമായ കടലാക്രമണം,വീടുകള്‍ തകര്‍ന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷത്തിനൊപ്പം പലയിടങ്ങളിലും കടല്‍ക്ഷോഭവും രൂക്ഷമായി. ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

തെക്കുപടിഞ്ഞാറൻ മൺസൂൺ കനത്തതോടെ അടുത്ത ബുധനാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ഇടുക്കി,കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ എന്നിവടങ്ങില്‍ മറ്റെന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ ,തൃശ്ശൂര്‍, മലപ്പുറം,വയനാട് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് മുക്കം കല്ലുരുട്ടി കനത്ത മഴയിൽ കല്ലുരുട്ടി സ്വദേശി സജിതയുടെ വീട് തകർന്നു .

മണിയാര്‍ ഡാമിന്റെ ഷട്ടര്‍ 10സെന്‍റിമീറ്റര്‍ ഉയര്‍ത്തി. പമ്പ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അരുവിക്കര ഡാം ഷട്ടർ തുറന്നത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കോട്ടയം ജില്ലയിലും കനത്ത മഴ തുടരുന്നു. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിടങ്ങൂരിൽ കാവാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയ കാസർകോഡ് മധുർ പഞ്ചായത്തിലെ 33 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി . കൊല്ലത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. തമിഴ്‌നാട് സ്വദേശികളായ രാജു, സഹായരാജു, ജോണ്‍ബോസ്കോ എന്നിവരെയാണ് കാണാതായത്. കോസ്റ്റ് ഗാർഡിന്റെ കപ്പലും മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ടുകളുമാണ് കടലിൽ തിരച്ചിൽ തുടരുന്നത്.