LiveTV

Live

Kerala

പ്രളയം എല്ലാം കൊണ്ടുപോയി; കാര്യമായ നഷ്ടപരിഹാരം ലഭിക്കാതെ വരാപ്പുഴയിലെ എഴുന്നൂറോളം കുടുംബങ്ങള്‍

രണ്ട് തവണയായി നടത്തിയ സര്‍വേകളിലും അര്‍ഹത ഉണ്ടായിട്ടും ഇവര്‍ തഴയപ്പെട്ടു

 പ്രളയം എല്ലാം കൊണ്ടുപോയി; കാര്യമായ നഷ്ടപരിഹാരം ലഭിക്കാതെ വരാപ്പുഴയിലെ എഴുന്നൂറോളം കുടുംബങ്ങള്‍

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും കാര്യമായ നഷ്ടപരിഹാരം ലഭിക്കാതെ വലയുകയാണ് വരാപ്പുഴ പഞ്ചായത്തിലെ എഴുന്നൂറോളം കുടുംബങ്ങള്‍. രണ്ട് തവണയായി നടത്തിയ സര്‍വേകളിലും അര്‍ഹത ഉണ്ടായിട്ടുംഇവര്‍ തഴയപ്പെട്ടു. അപ്പീല്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. അപ്പീല്‍ വിണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വരാപ്പുഴ വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ജില്ലയില്‍ പ്രളയം കാര്യമായി ബാധിച്ച പ്രദേശങ്ങളില്‍ ഒന്നാണ് വരാപ്പുഴ. രണ്ടായിരത്തോളം വീടുകളെയാണ് പ്രളയം ബാധിച്ചത്. ഇതില്‍ നാല് വാര്‍ഡുകളിലായി എഴുന്നൂറോളം കുംബങ്ങള്‍ക്ക് കാര്യമായ നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. അപ്പീല്‍ നല്‍കിട്ടും ഫലമുണ്ടായില്ല. കടം വാങ്ങിയ പണംകൊണ്ടാണ് പലരും വീടുകള്‍ പഴയപടി ആക്കിയത്. അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിഷേധമല്ലാതെ ഇവരുടെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ കണക്കില്‍ വ്യപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം.

അപ്പീല്‍ അപേക്ഷ വീണ്ടും പരിശോധിച്ച് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ക്ക് പരാതി സമര്‍പ്പിച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പരാതിയിന്മേല്‍ തുടര്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാരസമരം അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.