LiveTV

Live

Kerala

സി.ഒ.ടി നസീർ വധശ്രമ കേസ്; എ.എന്‍ ഷംസീര്‍ ജില്ലാ കമ്മറ്റി യോഗത്തിനെത്തിയത് വിവാദ കാറില്‍

വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. ഷംസീറിന്റെ സഹോദരൻ ഷഹീറിന്റെ ഉടമസ്ഥതയിലാണ് ഈ വാഹനം

 സി.ഒ.ടി നസീർ വധശ്രമ കേസ്; എ.എന്‍ ഷംസീര്‍ ജില്ലാ കമ്മറ്റി യോഗത്തിനെത്തിയത് വിവാദ കാറില്‍

സി.പി.എം വിമത സ്ഥാനാര്‍ഥിയായിരുന്ന സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ പൊലീസ് തെരയുന്ന കാറില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് ഷംസീര്‍ വിവാദ കാറില്‍ എത്തിയത്. ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുളള ഈ വാഹനത്തിലാണ് ഗൂഢാലോചന നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സി.പി.എം മുന്‍ ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയും എം.എന്‍ ഷംസീറിന്റെ സന്തത സഹചാരിയുമായ എന്‍.കെ രാഗേഷാണ് നസീറിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു മുഖ്യപ്രതി പൊട്ടി സന്തോഷിന്റെ മൊഴി. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുളള കെ.എല്‍7 സി.ഡി 6887 നമ്പര്‍ ഇന്നോവ കാറില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നതെന്നും സന്തോഷ് മൊഴി നല്‍കിയിരുന്നു. ചോനാടം കിന്‍ഫ്ര പാര്‍ക്കിനടുത്ത് വെച്ചും കുണ്ടുചിറ ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനടുത്ത് വെച്ചുമായിരുന്നു ഗൂഢാലോചന. എന്നാല്‍ ഈ വാഹനം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിരുന്നില്ല.

ഇതിനിടെയാണ് കാറില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ഇന്ന് സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിനെത്തിയത്.സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുളള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് എം.എല്‍.എ ബോര്‍ഡ് വയ്ക്കാതെ ഈ വാഹനത്തില്‍ ഷംസീര്‍ എത്തിയത്. എന്നിട്ടും പൊലീസിന് വാഹനത്തെക്കുറിച്ച് ഒരു വിവരവുമില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സി.ഒ.ടി നസീര്‍ കഴിഞ്ഞ ദിവസം തലശേരി ജില്ല കോടതിയില്‍ ഹരജി നല്‍കിയിരുന്നു

കാര്‍ കസ്റ്റഡിയിലെടുക്കുന്നതിനെ കുറിച്ച് മൂന്ന് ദിവസം മുന്‍പും പൊലീസിനോട് ചോദിച്ചിരുന്നുവെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞു‍. രണ്ട് ദിവസത്തിനകം കസ്റ്റഡിയിലെടുക്കുമെന്നാണ് സി.ഐ ഉറപ്പ് തന്നത്, എന്നിട്ട് ഇതുവരെ കസ്റ്റഡിയിലെടുത്തില്ലെന്നും നിയമത്തെ നോക്കുകുത്തിയാക്കുകയാണെന്നും നസീര്‍ മീഡിയവണിനോട് പറഞ്ഞു.