LiveTV

Live

Kerala

മഴ കനത്തു: വിഴിഞ്ഞത്ത് നാലും നീണ്ടകരയില്‍ മൂന്നും പേരെ കാണാതായി 

മഴക്കെടുതി മൂലം കോഴിക്കോട് നല്ലളത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂര്‍ താഴെ തെരുവില്‍ 12 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരവും വെള്ളത്തില്‍ മുങ്ങി.

മഴ കനത്തു: വിഴിഞ്ഞത്ത് നാലും നീണ്ടകരയില്‍ മൂന്നും പേരെ കാണാതായി 

സംസ്ഥാനത്ത് മഴ കനത്തു. പലയിടങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പല പുഴകളും കര കവിഞ്ഞൊഴുകുന്നു. വിഴിഞ്ഞത്ത് നാല് മത്സ്യത്തൊഴിലാളികളെയും നീണ്ടകരയില്‍ മൂന്ന് പേരെയും കാണാതായി.

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ പുതിയതുറ സ്വദേശികളായ നാല് പേരെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിന് പോയ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം കാറ്റിൽപ്പെട്ട് മൂന്നുപേരെ കാണാതായി. തമിഴ്നാട് നീരോടി സ്വദേശികളെയാണ് കാണാതായത്. കൊല്ലം ആലപ്പാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. സ്ഥലത്തെത്തിയ റവന്യു ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. രണ്ട് സ്കൂളുകളില്‍ ക്യാംപ് തുടങ്ങിയിട്ടുണ്ട്.

പമ്പ നദിയിലടക്കം ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ പാമ്പ്ല, കല്ലാര്‍കുട്ടി ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി. എറണാകുളം - കുടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഉറിയംപെട്ടി വെള്ളാരംകുത്ത് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. മലപ്പുറം കോട്ടക്കലില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. പൊന്നാനി മുതല്‍ കാപ്പിരിക്കാട് വരെയുള്ള പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വെളിയങ്കോട് വില്ലേജില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു.

കോഴിക്കോട് നല്ലളത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങി. കണ്ണൂര്‍ തലശ്ശേരിയില്‍ പ്ലസ്ടു വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. തലശ്ശേരി സെന്‍റ്‌ ജോസഫ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അദ്നാന്‍ ആണ് മരിച്ചത്. നഗര പരിധിയില്‍ 12 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തളിപ്പറമ്പ്, തലശ്ശേരി, ശ്രീകണ്ഠപുരം മേഖലകളിലും നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടുണ്ട്. നാളെയും മറ്റന്നാളും കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.