LiveTV

Live

Kerala

ഉത്തരക്കടലാസ് വിവാദം; അന്വേഷിക്കാനുള്ള ഉപസമിതിയില്‍ സി.പി.എം അംഗങ്ങള്‍ മാത്രം

ഉത്തരക്കടലാസ് വിവാദം; അന്വേഷിക്കാനുള്ള ഉപസമിതിയില്‍ സി.പി.എം അംഗങ്ങള്‍ മാത്രം

കേരള സർവകലാശാല ഉത്തരക്കടലാസ് പുറത്തു പോയത് അന്വേഷിക്കാനുള്ള ഉപസമിതിയില്‍ സി.പി.എം അംഗങ്ങള്‍ മാത്രം. അന്വേഷണം ആവശ്യപ്പെട്ട സി.പി.ഐ അംഗത്തപോലും ഉള്‍പെടുത്താതെ ഉപസമിതി രൂപീകരിച്ചു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് വ്യാജ സീൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടും.

പരീക്ഷ നടത്തിപ്പിൽ സർവകലാശാല തുടർന്നു വരുന്ന രീതികളിൽ മാറ്റം അനിവാര്യമാണെന്നും ഇപ്പോഴുണ്ടായ സംഭവങ്ങൾ ഗുരുതരമാണെന്നും ഇന്ന് ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി സിൻഡിക്കേറ്റംഗം ഡോ.കെബി മനോജ് കൺവീനറായി മൂന്നംഗ ഉപസമിതിയെ നിശ്ചയിച്ചത്. ലഭിച്ച ഉത്തകക്കടലാസിന്റെ നമ്പറുകൾ വെച്ചുള്ള അന്വേഷണത്തിൽ യൂണിവേഴ്സിറ്റി കോളജിലേയ്ക്ക് സർവ്വകലാശാല നൽകിയ ഉത്തരക്കടലാസാണെന്ന് കണ്ടെത്തി. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കും സിൻഡിക്കേറ്റ് ശിപാർശ നൽകി. സർവകലാശാലയിൽ ആരംഭിക്കുന്ന വിജിലൻസ് വിംഗിന്റെ തലപ്പത്തേക്ക് എസ്.പി റാങ്കിലുള്ള പൊലീസുദ്യോഗസ്ഥന്റെ സേവനം ആവശ്യപ്പെടാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

സർക്കാർ നിശ്ചയിച്ച ആറ് പുതിയ സിൻഡിക്കേറ്റംഗങ്ങൾ ചുമതയേറ്റ ആദ്യ യോഗത്തിൽ തന്നെ കല്ലു കടിയുണ്ടായി. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത് സി.പി.ഐയിലെ അജികുമാറാണ്. അന്വേഷണത്തിന് ഉപസമിതിയെ നിശ്ചയിച്ചപ്പോൾ വൈസ്ചാൻസലർ അജികുമാറിന്റെ പേര് നിർദേശിച്ചെങ്കിലും സി.പി.എം പ്രതിനിധികൾ തള്ളി. ഇതോടെ അന്വേഷണ സമിതിയിൽ സി.പി.എം അംഗങ്ങൾ മാത്രമായി.