LiveTV

Live

Kerala

മടപ്പള്ളി കോളജില്‍ ഫ്രറ്റേണിറ്റി ജാഥയ്ക്ക് സ്വീകരണം

ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് മടപ്പള്ളി കോളജ് കാമ്പസില്‍ എസ്.എഫ്.ഐ ഇതര സംഘടനയുടെ രാഷ്ട്രീയ ജാഥ പ്രവേശിക്കുന്നത്

മടപ്പള്ളി കോളജില്‍ ഫ്രറ്റേണിറ്റി ജാഥയ്ക്ക് സ്വീകരണം

കോഴിക്കോട് മടപ്പള്ളി കോളജ് കാമ്പസില്‍ വിദ്യാര്‍ത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ ജാഥ പ്രവേശിച്ചു. ഏറെക്കാലത്തിന് ശേഷം ആദ്യമായാണ് ഒരു എസ്.എഫ്.ഐ ഇതര സംഘടനയുടെ രാഷ്ട്രീയ ജാഥ കാമ്പസില്‍ പ്രവേശിക്കുന്നതെന്ന് ഫ്രറ്റേണിറ്റി അവകാശപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയ്ക്ക് കോളജില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്.

എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളായ കോളജുകളില്‍ പ്രവേശിച്ചപ്പോഴെല്ലാം സാഹോദര്യ രാഷ്ട്രീയ ജാഥക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ സാഹോദര്യ ജാഥ മടപ്പള്ളി കോളജിലെത്തുമ്പോള്‍ തടസ്സങ്ങളൊന്നുമുണ്ടായില്ല. കോളജ് മേധാവിയില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം കോളജില്‍ പ്രവേശിച്ച ജാഥയെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ കാമ്പസിലേക്ക് സ്വീകരിച്ചു. മടപ്പള്ളി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് നേരെ മുമ്പ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത് വലിയ വിവാദമായിരുന്നൂ. സംഭവം വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി നേരിട്ട് പങ്കെടുത്ത വിശദീകരണ യോഗം വരെ സംഘടിപ്പിക്കേണ്ടി വന്നു എസ്.എഫ്.ഐക്ക്.

വിവേചനങ്ങളെ വിചാരണ ചെയ്യുക വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യം ഉയർത്തി തിരുവനന്തപുരം മുതൽ കാസർക്കോട് വരെ കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ സഹോദര്യ രാഷ്ട്രീയ ജാഥ.