LiveTV

Live

Kerala

വൈപ്പിനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് രാജുവിനെ തടഞ്ഞത്

 വൈപ്പിനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

എറണാകുളം വൈപ്പിനില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് രാജുവിനെ തടഞ്ഞത്. ആദ്യ ഘട്ടത്തില്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പി രാജു പറഞ്ഞു.

ഇന്നലെയാണ് വൈപ്പില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എസ്.എഫ്.ഐ - എ.ഐ.എസ്.എഫ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രിയിലായ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറിയെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

പ്രശ്‌നമുണ്ടാക്കിയ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്നാണ് സി.പി.ഐ ആരോപണം. നിഷ്‌ക്രിയത്വം പാലിച്ച ഞാറക്കല്‍ സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ സെക്രട്ടറിയെ തടഞ്ഞ സാഹചര്യത്തില്‍ പാലാരിവട്ടം പാലം അഴിമതിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന കടുത്ത നിലപാടിലായിരുന്നു സി.പി.ഐ നേതൃത്വം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.