LiveTV

Live

Kerala

കുത്തിയത് ശിവരഞ്ജിത്ത് എന്ന് മൊഴി

തന്നെ കുത്തിയത് എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്താണെന്ന് എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ മൊഴി.യൂണിറ്റ് സെക്രട്ടറി നസീം പിടിച്ചു നിര്‍ത്തി കൊടുത്തെന്നും ചികിത്സയില്‍ കഴിയുന്ന അഖില്‍ ചന്ദ്രന്‍ മൊഴി നല്‍കി

കുത്തിയത് ശിവരഞ്ജിത്ത് എന്ന് മൊഴി

തന്നെ കുത്തിയത് എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്താണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിന്‍റെ മൊഴി. യൂണിറ്റ് സെക്രട്ടറി നസീം പിടിച്ചു നിര്‍ത്തി കൊടുത്തെന്നും ചികിത്സയില്‍ കഴിയുന്ന അഖില്‍ ചന്ദ്രന്‍ മൊഴി നല്‍കി. അഖിലിനേറ്റത് ആഴത്തിലുള്ള മരണ കാരണമായേക്കാവുന്ന മുറിവാണെന്ന് ഡോക്ടര്‍മാരും മൊഴി നല്‍കി. പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികള്‍ക്ക് തന്നോടും സുഹൃത്തുക്കളോടും നാളുകളായി വിരോധം നിലനില്‍ക്കുകയായിരുന്നെന്നാണ് അഖിലിന്‍റെ മൊഴി. ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് പറ‍ഞ്ഞപ്പോള്‍ തല്ലി തീര്‍ക്കാമെന്നായിരുന്നു നസീമിന്‍റെ മറുപടി. സംഭവം നടന്ന ദിവസം രാവിലെ പ്രതികള്‍ അസഭ്യം പറഞ്ഞിരുന്നു. സംഘര്‍ഷം നടക്കുന്നെന്ന് അറിഞ്ഞാണ് ക്ളാസില്‍ നിന്ന് കോളജിന് മുന്നിലേക്ക് ഓടിയെത്തിത്. ഈ സമയം നസീം തന്നെ പിടിച്ചു നിര്‍ത്തി കൊല്ലെടാ ഇവനെ എന്ന് ആക്രോശിച്ചെന്നും ശിവരഞ്ജിത്ത് കുത്തിയെന്നുമാണ് അഖില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ആദില്‍, അദ്വൈത്, ആരോമല്‍, ഇബ്രാഹാം തുടങ്ങി വലിയൊരു സംഘം തന്നെ ആക്രമിക്കാന്‍ ഉണ്ടായിരുന്നെന്നും മൊഴിയില്‍ പറയുന്നു. പ്രതികളുടെ പക്കല്‍ മൂന്ന് കത്തിയും രണ്ട് പിവിസി പൈപ്പും തടികഷ്ണവും ഉണ്ടായിരുന്നു എന്നും അഖില്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ എത്തിയാണ് പൊലീസ് അഖിലിന്‍റെ മൊഴി രേഖപ്പെടുത്തിയത്.

അഖിലിന്‍റെ ഹൃദയത്തില്‍ രണ്ട് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവ് ഉണ്ടായെന്നും സര്‍ജ്ജറി നടത്തിയില്ലായിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നെന്നും ഡോക്ടര്‍മാരും മൊഴി നല്‍കി. ശരീരത്തില്‍ നിന്ന് ഒന്നര ലിറ്ററെങ്കിലും രക്തം വാര്‍ന്ന് പോയെന്നും ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്.