LiveTV

Live

Kerala

ക്യാന്‍സര്‍ രോഗിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത അഖില്‍ ബോസ് എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നത് 

 ക്യാന്‍സര്‍ രോഗിയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

കോട്ടയം പാലായില്‍ ക്യാന്‍സര്‍ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് പരാതി. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത അഖില്‍ ബോസ് എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നത്. താടിയെല്ലിന് പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം അഖിലിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രിയിലാണ് അഖില്‍ ബോസിനെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന് പറഞ്ഞ് പാല പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാന്‍ പാലാ പൊലീസ് തയ്യാറായില്ല. ഇത് ചോദ്യം ചെയ്തതോടെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ക്യാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. താടിയെല്ലിന് പരിക്കേറ്റ അഖിലിലെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തതിന്റെ പേരില്‍ അഖിലും സഹോദരനുമാണ് പൊലീസിനോട് മോശമായി പെരുമാറിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും പാല പൊലീസ് വ്യക്തമാക്കി.

എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം ആരംഭിച്ചു. അഖിലില്‍ നിന്നും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയും ചെയ്തു. ഉടന്‍ തന്നെ റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറും.