LiveTV

Live

Kerala

എം.എസ്.എഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

സെക്രട്ടറിയേറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

എം.എസ്.എഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളജിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാന പ്രസിഡന്‍റടക്കം പത്തോളം പേർക്ക് പരിക്കേറ്റു. മണിക്കൂറുകളോളം സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. കൂടുതൽ പോലീസെത്തിയാണ് സംഘർഷത്തിന് അയവ് വരുത്തിയത്.

രാവിലെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച എംഎസ്എഫ് പ്രവർത്തകരെ നേതാക്കളിടപെട്ട് ശാന്തരാക്കി. തുടർന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ പരിപാടി ഉദ്ഘാടനം ചെയ്തു. നേതാക്കൾ പോയതിനു ശേഷം പെട്ടെന്നായിരുന്നു എംഎസ്എഫ് പ്രവർത്തകർ യൂണിവേഴ്സിറ്റി കോളജിലേക്ക് മാർച്ച് നടത്തിയത്. ആയിരത്തോളം പ്രവർത്തകർ കോളജിന് മുന്നിലെത്തിയതോടെ മതിയായ പോലീസ് സന്നാഹമില്ലാഞ്ഞത് കാര്യങ്ങൾ സംഘർത്തിലേക്ക് നീങ്ങി. പെട്ടെന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോകാൻ സന്നദ്ധമായില്ല.

തുടർന്നാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. ഇതോടെ പ്രവർത്തകർ ചിതറിയോടി. ഗ്രനേഡാക്രമണത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്അബ് കീഴരിയൂർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദടക്കം പത്തോളം പേർക്ക് പരിക്ക് പറ്റി. എം.എസ്.എഫ് പ്രവർത്തകർ വീണ്ടും എത്തിയതോടെ പിന്നെയും സംഘർഷമുടലെടുത്തു. ഇതോടെ പാളയം ജങ്ഷന്‍ മുതൽ യൂണിവേഴ്സിറ്റി കോളജ് പരിസരം വരെ പോലീസ് സുരക്ഷയൊരുക്കി പ്രവർത്തകരെ പിച്ചുവിട്ടു. ഇതോടെയാണ് രംഗം ശാന്തമായത്.