LiveTV

Live

Kerala

ഹീര ഗ്രൂപ്പിനെതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതായി ആക്ഷേപം

ഇതോടെ ഹീര ഗ്രൂപ്പില്‍ നിക്ഷേപിച്ച പണം നഷ്ടമാകാന്‍ ഇടയാക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍ 

ഹീര ഗ്രൂപ്പിനെതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതായി  ആക്ഷേപം

നിക്ഷേപകര്‍ക്ക് ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീര ഗ്രൂപ്പ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതായി ആക്ഷേപം. കേസ് ക്രൈംബ്രാഞ്ചിന് വിട്ടെങ്കിലും സ്ക്വാഡില്‍ ആളില്ലാത്തതിനാല്‍ കേസന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ഹീര വിക്ടിംസ് ഫോറത്തിന്റെ ആരോപണം. ഇതോടെ ഹീര ഗ്രൂപ്പില്‍ നിക്ഷേപിച്ച പണം നഷ്ടമാകാന്‍ ഇടയാക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

ഹൈദരാബാദ് ആസ്ഥാനമായ ഹീര ഗ്രൂപ്പ് പലിശക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി 25 കോടി രൂപയോളമാണ് തട്ടിയെടുത്തത്. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിക്ഷേപകരുടെ ആവശ്യത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് ഈ വര്‍ഷം മാര്‍ച്ചില്‍ കൈമാറി. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു. പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുമ്പോഴും കേരളത്തില്‍ സ്ക്വാഡില്‍ ആളില്ലാത്തതിനാല്‍ അന്വേഷണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണെന്ന് നിക്ഷേപകര്‍ പറയുന്നു.

നിലവില്‍ 100 ഓളം പേരാണ് പൊലീസില്‍ കേസ് നല്കിയിട്ടുള്ളത്. ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് ഹീര ഗ്രൂപ്പിന് വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിക്ഷേപകര്‍ പറയുന്നു. ഹൈദരാബാദില്‍ നിന്നും അറസ്റ്റിലായ ഹീര ഗ്രൂപ്പ് മേധാവി നൌഹീറ ഷെയ്ഖ് ജയിലിലാണ്.