LiveTV

Live

Kerala

കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി

കയ്യേറ്റ ഭൂമിയിലെ നിർമാണങ്ങൾക്ക് സർക്കാർ വൈദ്യുതിയും വെള്ളവും നൽകുന്നു

 കയ്യേറ്റങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹൈക്കോടതി

മൂന്നാറിലെ കയ്യേറ്റങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത നിര്‍മ്മാണം നടക്കുന്നിടത്ത് വൈദ്യുതിയും വെള്ളവും സര്‍ക്കാര്‍ നല്കുന്നുവെന്നും കോടതി. ഇത് പൊതുജങ്ങളോടുള്ള വഞ്ചനയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു.

മൂന്നാറിലെ കയ്യേറ്റ ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന കോടതി ഉത്തരവ് നിലനില്‍ക്കെ വൈദ്യുതി പോസ്റ്റുകള്‍ ഇടുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംരക്ഷണ സമിതി നൽകിയ ഹരജിയിലാണ് വിമർശനം. മൂന്നാറിൽ സർക്കാർ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചത്. മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നു. ഇത് പൊതു ജനങ്ങളെ കബളിപ്പിക്കൽ ആണ്.അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കു സർക്കാർ ജല, വൈദ്യുതി കണക്ഷൻ നൽകുന്നു. ഒരുഭാഗത്തു കയ്യേറ്റങ്ങളെ എതിർക്കുന്നു എന്ന് സർക്കാർ പ്രചരിപ്പിക്കുന്നുണ്ട്.

മറുവശത്തു കയ്യേറ്റക്കാർക്ക് സൗകര്യം ഒരുക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നത് കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.