LiveTV

Live

Kerala

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസും വ്യാജ സീലും കണ്ടെത്തിയ സംഭവം; കേസെടുക്കാതെ പൊലീസ്

പരാതി ഇല്ലാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. കോളജില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ മറുപടി

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസും വ്യാജ സീലും കണ്ടെത്തിയ സംഭവം; കേസെടുക്കാതെ പൊലീസ്

യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്‍റെ വീട്ടില്‍ നിന്ന് സര്‍വകലാശാല ഉത്തരക്കടലാസും വ്യാജ സീലും കണ്ടെത്തിയ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. പരാതി ഇല്ലാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. കോളജില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ മറുപടി. ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറും പൊലീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് ശേഷം മൊഴി രേഖപ്പെടുത്താനുള്ള അനുമതിയാണ് അന്വേഷണ സംഘത്തിന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് വൈകിട്ടോടെ അഖിലിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അഖിലിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകം. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ 17 പ്രതികളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ ആറ് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉത്തരകടലാസ് കണ്ടെത്തിയതിലും സീല്‍ കണ്ടെത്തിയതിലും ശിവരഞ്ജിത്തിനിതിരെ കേസെടുക്കാനുള്ള പൊലീസ് നീക്കം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.

യൂണിവേഴ്സറ്റി പ്രിന്‍സിപ്പാളിനോട് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടങ്കിലും ഉത്തര പേപ്പര്‍ തങ്ങളുടെ ഭാഗത്ത് നഷ്ട്ടപ്പെ്ട്ടിട്ടില്ലെന്ന് മറുപടിയാണ് അദ്ദേഹം പൊലീസിന് നല്‍കിയത്. സര്‍വകലാശാലയാകട്ടെ ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിക്കണമെന്നും പൊലീസിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ കൃത്യമായ മൊഴി ലഭിച്ച ശേഷം കെസെടുക്കാമെന്ന് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീല്‍ പ്രതി ശിവരഞ്ജിത്ത് സൂക്ഷിച്ച സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് ചോദിച്ചെങ്കിലും അദ്ദേഹവും മറുപടി നല്‍കിയിട്ടില്ല.