LiveTV

Live

Kerala

വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം; ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

അതേസമയം ഉത്തരപേപ്പര്‍ നഷ്ടപ്പെട്ടതില്‍ യൂണിവേഴ്സിറ്റി കോളജിന്റെ ഭാഗത്ത് വീഴ്ച ഉണ്ടാകാനാണ് സാധ്യതെന്ന് വിസി ഡോ. വി.പി മഹാദേവന്‍ പിള്ള മീഡിയവണിനോട് പറഞ്ഞു

വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം; ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതി എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ യൂണിവേഴ്സിറ്റി ഉത്തരപേപ്പറും ഫിസിക്കല്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. അതേസമയം ഉത്തരപേപ്പര്‍ നഷ്ടപ്പെട്ടതില്‍ യൂണിവേഴ്സിറ്റി കോളജിന്റെ ഭാഗത്ത് വീഴ്ച ഉണ്ടാകാനാണ് സാധ്യതെന്ന് വിസി ഡോ. വി.പി മഹാദേവന്‍ പിള്ള മീഡിയവണിനോട് പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ ക്രമക്കേടില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവര്‍ണറെ കാണും.

യൂണിവേഴ്സിസിറ്റി കോളജിലുണ്ടായ വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് ഉത്തരപേപ്പറുകളും യൂനിവേഴ്സിറ്റി ഫിസിക്കല്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയത്. ഈ സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം കേരള യൂണിവേഴ്സിറ്റി വിസിയോട് ആവശ്യപ്പെട്ടു. അതിനിടെ ഉത്തരപേപ്പര്‍ നഷ്ടപ്പെട്ട സംഭവത്തില്‍ യൂനിവേഴ്സിറ്റി കോളജിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരിക്കാനാണ് സാധ്യതയെന്ന് യൂണിവേഴ്സിറ്റി വിസി മീഡിയവണിനോട് പറഞ്ഞു. ഉത്തരപേപ്പറുകള്‍ സംബന്ധിച്ച അന്വേഷണം എല്ലാ കോളജുകളിലേക്കും വ്യാപിപ്പിച്ചതായും വിസി പറഞ്ഞു.

15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് പരീക്ഷാ കണ്‍ട്രോളര്‍ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരപേപ്പര്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയാല്‍ ആ കോളജുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഉത്തരപേപ്പര്‍ സംബന്ധിച്ച കണക്ക് കോളജ് രേഖപ്പെടുത്തിയിരിക്കണം. അതുകൊണ്ടു തന്നെ എവിടെ നിന്നാണ് പേപ്പറുകള്‍ നഷ്ടപ്പെട്ടതെന്ന് കണ്ടെത്തുക ദുഷ്കരമല്ലെന്നാണ് യൂണിവേഴ്സിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.