LiveTV

Live

Kerala

എസ്‍.ഡി.പി.ഐയും യുവമോര്‍ച്ചയും യൂണിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ തീരുമാനം.

എസ്‍.ഡി.പി.ഐയും യുവമോര്‍ച്ചയും യൂണിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ ഇന്നും പ്രതിഷേധം. എസ്‍.ഡി.പി.ഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ യൂണിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതികള്‍ പി.എസ്.സി, സര്‍വ്വകലാശാല പരീക്ഷകളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് യുവജന സംഘടനകള്‍ ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ തീരുമാനം. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് എസ്‍.ഡി.പി.ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.

തൊട്ട്പിന്നാലെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. അതിനിടെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സര്‍വ്വകലാശാല സെനറ്റിലേക്ക് മാര്‍ച്ച് നടത്തി. പി.എസ്.സി യുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു. പി.എസ്‍.സി വിശ്വാസ്യതക്ക് മേൽ കരിനിഴൽ വീണിരിക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു

പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തര കടലാസുകളും സീലും കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി ജീവനക്കാർക്കും കോളജ് അധികൃതർക്കും പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, വിശ്വാസ്യത തെളിയിക്കാനുള്ള ബാധ്യത പി.എസ്.സിക്ക് ഉണ്ടെന്നും എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ പറഞ്ഞു.